CHAMPARAN ARTICLE BY R. CHANDRASEKHARAN

ചമ്പാരന്‍ പ്രക്ഷോഭം

ഒരു ദശാബ്ദം പിന്നിട്ട ചമ്പാരന്‍ പ്രക്ഷോഭം നിശ്ചയദാര്‍ഡ്യത്തിന്‍റെയും, ഇന്ത്യന്‍ തൊഴിലാളി മോചനത്തിന്‍റെയും ഇതിഹാസ സമരചരിത്രമാണ്. 450 വര്‍ഷത്തെ വൈദേശീക ഭരണത്തിനെ തിരെയുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം മോഹന്‍ദാസ് കരംചന്ദ്
ഗാന്ധി നയിച്ച ചമ്പാരനിലെ കര്‍ഷക തൊഴിലാളി പ്രക്ഷോഭത്തില്‍ നിന്നും ആരംഭിക്കുന്നു.

 

നീലം ഉല്‍പാദന വാണിജ്യ കയറ്റുമതിയുമായി ബന്ധപ്പെട്ടാണ് ഈ പ്രക്ഷോഭം ആരംഭിക്കുന്നത്. ബ്രിട്ടണിലെ തുണിമില്ലുകളില്‍ ഉല്‍പാദിപ്പിക്കുന്ന തുണികള്‍ക്ക് വെള്ള നിറം ലഭിക്കാന്‍ നീലം അനിവാര്യമായിരുന്നു. നീലം കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമായിരുന്നു ബീഹാറിലെ ചമ്പാരന്‍ ജില്ല. ഗുണമേന്മയില്‍ ഉന്നതനിലവാരം പുലര്‍ത്തിയിരുന്ന ഇവിടുത്തെ നീലം വ്യാപകമായി കയറ്റുമതി ചെയ്തിരുന്നു.

 

കഠിനമായ ജോലി – തുച്ഛമായ കൂലി – മൃഗീയപീഢനം. ബ്രിട്ടീഷ് മുതലാളിമാരുടെയും, സെമീന്താര്‍മാരുടെയും, ഇടനിലക്കാരുടെയും സമീപനം ഇതായിരുന്നു. ഭരണകൂടത്തിന്‍റെ ഭാഗമായ ഉദ്യോഗസ്ഥ മേലാളന്മാരും ഇവരോടൊപ്പം അണിനിരന്നു. വിശപ്പടക്കുവാനുള്ള ഭക്ഷ്യധാന്യങ്ങള്‍ പോലും കൃഷി ചെയ്യുവാന്‍ ഭൂമി പാട്ടത്തിനെടുത്ത തൊഴിലാളികളെ അനുവദിച്ചിരുന്നില്ല. ഏതവസരത്തിലും നീലം തന്നെ കൃഷി ചെയ്യണമെന്ന് മുതലാളിമാര്‍ ശഠിച്ചു. പാട്ടതുകയും, ഭൂകരവും യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ വര്‍ദ്ധിപ്പിക്കുകയും ഈടാക്കാക്കുകയും ചെയ്തു വന്നു. ചുരുക്കത്തില്‍ മനുഷ്യജീവിതം അടിമകളെക്കാള്‍ കഷ്ടമായിരുന്നു.

 

പൊറുതിമുട്ടിയ തൊഴിലാളികളും, പാട്ടക്കാരും 1914-15 വര്‍ഷങ്ങളില്‍ സ്വയം സംഘടിതരായി ചില പ്രക്ഷോഭങ്ങള്‍ നടത്തിയെങ്കിലും ഭരണക്കൂടവും, ജന്മിമാരും, മുതലാളിമാരും ചേര്‍ന്ന് അതിനെയെല്ലാം അടിച്ചമര്‍ത്തി.

 

ഗാന്ധിജിയുടെ ഇടപെടല്‍ 

1916 ഡിസംബര്‍ 26 ന് ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നടന്ന എ.ഐ.സി.സി.സംമ്മേളനം മറ്റെല്ലാ വിഷയങ്ങളിലും എന്നപോലെ ചമ്പാരന്‍ വിഷയത്തിലും കമ്മീഷനെ നിയമിക്കണം എന്ന പതിവ് പ്രമേയം പാസ്സാക്കി പിരിഞ്ഞു. 1915 ജനുവരി 9 ന്
ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജിയും, ഈ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ചമ്പാരനില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് അംഗം രാജ്കുമാര്‍ ശുക്ള തൊഴിലാളി പീഢനം സംബന്ധിച്ച് ഗാന്ധിജിയോട് വിവരിച്ചു. ചമ്പാരന്‍ സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. തനിക്ക് പരിചയം ഇല്ലാത്ത സ്ഥലവും, വിഷയവുമാണെന്ന് പറഞ്ഞ് ആദ്യം അഭ്യര്‍ത്ഥന നിരസിച്ച ഗാന്ധിജി സമ്മര്‍ദത്തിന് വഴങ്ങി സന്ദര്‍ശനത്തിന് സമ്മതിച്ചു.

 

ഏപ്രില്‍ 9 ന് ചമ്പാരനിലേയ്ക്ക് തിരിച്ച ഗാന്ധിജി പിറ്റേദിവസം തൊട്ടടുത്ത ജില്ലയായ മുസഫര്‍പൂരിലെത്തി. തോട്ടം ഉടമകളുടെ സംഘടനയായ പ്ലാന്‍റേഴ്സ് അസോസ്സിയേഷന്‍ സെക്രട്ടറി ജെ.എം. വില്‍സനെ നേരില്‍ സമീപിച്ച് തൊഴിലാളി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. താങ്കളുടെ ആവശ്യം ഇവിടെയില്ല. താങ്കള്‍ ഇവിടം വിട്ടുപോകണം വില്‍സണ്‍ ഗാന്ധിജിയോടാവശ്യപ്പെട്ടു. എന്നാല്‍ ഏപ്രില്‍ 13 ന് സ്ഥലം
ഭരണാധികാരിയായ കമ്മീഷണറെയും, കളക്ടറെയും ഗാന്ധിജി സന്ദര്‍ശിച്ചു. താങ്കളുടെ ഒരു സേവനവും ഇവിടെ ആവശ്യമില്ല. കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്തുകൊള്ളും. ഉടനെ ഇവിടം വിട്ട് പോകണം. അവരുടെ നിലപാടും ഇതാ യിരുന്നു. ഞാന്‍ ഇവിടെ
വേണമെന്ന് തൊഴിലാളികളും, പാട്ടക്കാരും ആവശ്യപ്പെടുന്നു. അതിനാല്‍ തിരികെ പോകില്ല ഗാന്ധിജിയുടെ തീരുമാനവും ശബ്ദവും അവര്‍ക്ക് മുന്നില്‍ ദൃഢമായിരുന്നു.

 

ഗാന്ധിജിയുടെ വരവും, ഇടപെടലും കേട്ടറിഞ്ഞ് എത്തിയ നൂറുകണക്കിന് തൊഴിലാളികളും, പാട്ടക്കാരും അദ്ദേഹത്തോട് തങ്ങളുടെ ജീവിത പ്രയാസങ്ങള്‍ വിവരിച്ചു. ഏപ്രില്‍ 15 ന് ചമ്പാരന്‍ ജില്ലയുടെ തലസ്ഥാനമായ മോത്തിഹാരിയിലേക്ക് പുറപ്പെട്ട ഗാന്ധിജി, വൈകുന്നേരം 3 മണിയോട് കൂടി മോത്തിഹാരി റെയില്‍വെ സ്റ്റേഷനില്‍ എത്തി. അദ്ദേഹത്തെ കാണാന്‍ വന്‍ജനാവലി സ്റ്റേഷനില്‍ തടിച്ചു കൂടിയിരുന്നു.

 

പിന്നേദിവസം ‘ജാസുലിപട്ടി’ എന്ന ഗ്രാമത്തിലേയ്ക്ക് പുറപ്പെട്ട ഗാന്ധിജിയെ യാത്രമദ്ധ്യേ ഡെപ്യൂട്ടി പോലീസ് മേധാവി തടഞ്ഞുനിര്‍ത്തി, അദ്ദേഹത്തിന്‍റെ വാഹനത്തില്‍ കയറ്റി. പോലീസ് നിയമം 144 പ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണര്‍ ജില്ലാ മജിസ്ട്രേറ്റിനെഴുതിയ കത്തും, ഇതനുസരിച്ച്, തൊട്ടടുത്ത ലഭിക്കുന്ന ട്രെയിനില്‍ ചമ്പാരന്‍ വിട്ടുപോകുവാന്‍ ജില്ലാ മജിസ്ട്രേറ്റ് W.B. ഹെയ്കോക്ക് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവും ഗാന്ധിജിക്ക് കൈമാറി. ഞാന്‍ തിരിച്ചു പോകരുതെന്ന് എന്‍റെ മനസ്സ് പറയുന്നു.
അധികാരികളെ സന്തോഷിപ്പിക്കാനായി ഞാന്‍ തിരിച്ച് പോകില്ല. താങ്കളുടെ ഉത്തരവ് ലംഘിക്കുന്നതിനുള്ള ശിക്ഷ അനുഭവിക്കാന്‍ ഞാന്‍ തയ്യാറാണ്. മജിസ്ട്രേറ്റിന് എഴുതിയ മറുപടിയില്‍ ഗാന്ധിജി വ്യക്തമാക്കി. ഈ മറുപടിക്ക് പിന്നാലെ ഐ.പി.സി. 144 പ്രകാരമുള്ള കുറ്റങ്ങള്‍ ആരോപിച്ച് സമന്‍സ് നല്‍കി ഗാന്ധിജിയെ വീട്ടുതടങ്കലിലാക്കി. ഏപ്രില്‍ 18 ന് സബ്ഡിവിഷണല്‍ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാകണമെന്നും സമന്‍സില്‍ രേഖപ്പെടുത്തിയിരുന്നു.

 

ഏപ്രില്‍ 18 ന് കോടതിയിലേയ്ക്ക് പോകുന്ന വഴി തന്നോടൊപ്പം ഉള്ളവരോടായി അദ്ദേഹം പറഞ്ഞു. ഇതില്‍ നമ്മള്‍ വിജയിക്കും നിശ്ചയ ദാര്‍ഡ്യത്തിന്‍റെതായിരുന്നു ഈ വാക്കുകള്‍. ഗാന്ധിജി കോടതിയില്‍ എത്തുമ്പോള്‍ കോടതി പരിസരത്ത് നൂറുക്കണക്കിന്
തൊഴിലാളികള്‍ നിലയുറപ്പിച്ചിരുന്നു. കോടതി അക്രമിക്കപ്പെടുമെന്ന് ഭയന്ന് കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ച് സുരക്ഷ ഉറപ്പ് വരുത്തിയശേഷമാണ് മജിസ്ട്രേറ്റ് നടപടികള്‍ ആരംഭിച്ചത്.

 

കോടതി മുറിയിലേയ്ക്ക് കടന്ന ഗാന്ധിജിക്ക് മുമ്പില്‍ കെട്ടുകണക്കിന് നിയമ പുസ്തകങ്ങളുമായി സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായി. പ്രഗല്‍ഭ അഭിഭാഷകന്‍ ആയ ഗാന്ധിജിക്കെതിരെയാണ് താന്‍ വാദിക്കാന്‍ പോകുന്നത് എന്നത് സര്‍ക്കാര്‍ അഭിഭാഷകനെ അസ്വസ്തനാക്കി.

 

കുറ്റപത്രം വായിക്കപ്പെട്ടു. ഗാന്ധിജിയുടെ ഇവിടുത്തെ സന്ദര്‍ശനം കലാപത്തിനും, കൊലപാതകത്തിനും ഇടവരുത്തും അതിനാല്‍ ചമ്പാരന്‍ വിട്ടു പോകാനുള്ള ഉത്തരവ് ലംഘിച്ച ഇദ്ദേഹത്തെ ശിക്ഷിക്കണം. സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തനിക്ക്
വാദിക്കുവാന്‍ അഭിഭാഷകരില്ല. എനിക്ക് പറയുവാനുള്ളത് ഞാന്‍ തന്നെ പ്രസ്താവിക്കുവാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് ഗാന്ധിജി മുന്‍ക്കൂട്ടി തയ്യാറാക്കിയ പ്രസ്താവന കോടതിയില്‍ വായിച്ചു.

 

പോലീസ് നിയമം 144 പ്രകാരമുള്ള നിയമലംഘനം നടത്തിയെന്നത് ശരിയാണ്. മനുഷ്യത്വപരമായ തൊഴിലാളി സേവനത്തിനാണ് ഞാന്‍ ഇവിടെ വന്നത്. തോട്ടം ഉടമകള്‍ തൊഴിലാളികളെയും, പാട്ടക്കാരെയും പീഢിപ്പിക്കുന്നു. പാട്ടതുകയും, പാട്ടകരവും, ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നു. ഭക്ഷ്യ ധാന്യങ്ങള്‍ കൃഷിചെയ്യാന്‍ അനുവദിക്കുന്നില്ല. തൊഴിലാളികളും, പാട്ടക്കാരും കൊടും പട്ടിണിയിലാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണമായും തോട്ടം ഉടമകളോടൊപ്പം നില്‍ക്കുന്നു. ഇത് മനുഷ്യത്വരഹിതമാണ്. ഇതിന് പരിഹാരമായി എന്‍റെ ദൗത്യം പൂര്‍ത്തീകരിക്കാതെ ഞാന്‍ മടങ്ങില്ല. മടങ്ങി പോകണമെന്ന ഉത്തരവ് അനുസരിക്കാ തിരിക്കുന്നത് അതിനേക്കാള്‍ വലിയ
ഉത്തരവ് എന്‍റെ മനസ്സില്‍ നിന്നും വരുന്നതിനാലാണ്. ഗാന്ധിജി അസന്നിഗ്ദമായി കോടതിയില്‍ പ്രസ്താവിച്ചു.

 

താങ്കള്‍ ഇപ്പോള്‍ ചമ്പാരന്‍ വിട്ടുപോകാന്‍ തയ്യാറാണെന്ന് പറഞ്ഞാല്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കാം എന്ന് പറഞ്ഞ മജിസ്ട്രേറ്റിന് മുമ്പില്‍ സാദ്ധ്യമല്ല – എന്നെ ജയിലിലടയ്ക്കാം, എന്നാല്‍ ജയിലില്‍ നിന്നും മടങ്ങി വരുന്ന എന്‍റെ വാസസ്ഥലം ചമ്പാരന്‍ ആയിരിക്കും എന്ന ഉറച്ച മറുപടിയാണ് ഗാന്ധിജി നല്‍കിയത്. വിധി പ്രസ്താവം മാറ്റി വച്ച മജിസ്ട്രേറ്റ്, 3 മണിക്ക് കോടതി ചേര്‍ന്നപ്പോള്‍ കേസ് 21-ാം തീയതിയിലേയ്ക്ക് മാറ്റി. അതോടൊപ്പം 100 രൂപാ കെട്ടിവച്ച് ഗാന്ധിജിയെ ജാമ്യത്തില്‍ വിടാനും ഉത്തരവിട്ടു.

 

എന്‍റെ കൈയ്യില്‍ പണം ഇല്ല. ജാമ്യം നില്‍ക്കാന്‍ ആരും ഇല്ല. നിങ്ങള്‍ക്ക് എന്നെ എന്തുവേണമെങ്കിലും ചെയ്യാം ഗാന്ധിജിയുടെ പ്രതികരണം ഇതായിരുന്നു. ആയിരക്കണക്കിനാളുകള്‍ എന്തിനും തയ്യാറായി. കോടതിക്ക് പുറത്ത് നിലയുറപ്പിച്ചിരിക്കുമ്പോഴാണ്
ഈ പ്രസ്ഥാവന ഗാന്ധിജി നടത്തിയത്. ആശയക്കുഴപ്പത്തിലായ മജിസ്ട്രേറ്റ് ആദ്യ ഉത്തരവ് ഭേദഗതി ചെയ്ത് ഗാന്ധിജിയെ പോകാന്‍ ഉത്തരവിട്ടു. ചമ്പാരന്‍ വിഷയത്തില്‍ ഗാന്ധിജിയുടെ ആദ്യവിജയദിനമാണ് ഏപ്രില്‍ 18. കോടതിയില്‍ നിന്നും പുറത്തിറങ്ങിയ ഗാന്ധിജി തന്നോടൊപ്പം യാത്ര ചെയ്ത ഡോ: രാജേന്ദ്ര പ്രസാദിനോടും, ജെ.ബി. കൃപലാനിയോടും ഇപ്രകാരം പറഞ്ഞു:- WE WILL WIN. WE WILL GET THE FREEDOM ( നമ്മള്‍ വിജയിക്കും – നമുക്ക് സ്വാതന്ത്ര്യം ലഭിക്കും). ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യം സംബന്ധിച്ച ഗാന്ധിജിയുടെ
ആദ്യവാക്കുകളായിരുന്നു ഇത്.

 

ഗാന്ധിജിയ്ക്കെതിരെയുള്ള കേസ്സും, അദ്ദേഹത്തിന്‍റെ ദൃഢനിശ്ചയത്തോടെയുള്ള നിലപാടും, അതിലൂടെ ഉടലെടുക്കുന്ന വന്‍പ്രതിഷേധവും, വിലയിരുത്തിയ സര്‍ക്കാര്‍, 1917 ഏപ്രില്‍ 20 ന് വൈകുന്നേരം 7 മണിക്ക് ഗാന്ധിജിയ്ക്കെതിരെയുള്ള എല്ലാ കേസ്സുകളും പിന്‍വലിച്ച് ഉത്തരവിറക്കി. ചമ്പാരനിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയും, തൊഴിലാളികളെയും, പാട്ടക്കാരെയും കാണുകയും സംസാരിക്കുകയും ചെയ്യുന്ന ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ തടയരുതെന്നും ഉത്തരവില്‍ വ്യക്തമാക്കി.

 

തൊഴിലാളികളും പാട്ടക്കാരും വ്യാപകമായി ഗാന്ധിജിയ്ക്ക് മുമ്പില്‍ പരാതി പറയാനും, തെളിവുകള്‍ കൊടുക്കാനും ഹാജരായി. മെയ് 12 വരെ നടന്ന തൊഴിലാളി സമ്പര്‍ക്കത്തില്‍ 850 ഓളം ഗ്രാമങ്ങളില്‍ നിന്നും, 60 ഓളം ഫാക്ടറികളിലും നിന്നുമായി 8000ത്തോളം പേര്‍ പരാതികളും, സങ്കടങ്ങളും ബോധിപ്പിച്ചു. ഇതെല്ലാം പഠിച്ച് തയ്യാറാക്കിയ സമഗ്രമായ നിവേദനം മെയ് 14 ന് ഗാന്ധിജി സര്‍ക്കാരിന് സമര്‍പ്പിച്ചു. കോപ്പികള്‍ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, പ്ലാന്‍റേഴ്സ് അസോസ്സിയേഷന്‍ ഭാരവാഹികള്‍ക്കും നല്‍കി.

 

നിവേദനത്തിലെ ഉള്ളടക്കത്തില്‍ പരിഭ്രാന്തരായ തോട്ടം ഉടമകളും, ഇടനിലക്കാരും തൊഴിലാളികള്‍ ഭീകരരാണെന്ന് വരുത്തി തീര്‍ക്കുവാന്‍ ഗൂഢാലോചന നടത്തി. ഇതിന്‍റെ ഭാഗമായി മെയ് 14 ന് “ഒലഹ” എന്ന ഫാക്ടറിയും, മെയ് 18 ന് “ദോക്രിഹ” എന്ന ഫാക്ടറിയും മുതലാളിമാര്‍ തന്നെ തീയിട്ട് അക്രമം സൃഷ്ടിച്ചു.

 

മെയ് 20 ന് ഗാന്ധിജി ജില്ലാ മജിസ്ട്രേറ്റ് “ഹെയ്കോക്ക്ന്” ഈ വിഷയവുമായി ബന്ധപ്പെട്ട് വിശദമായി കത്ത് എഴുതി. തോട്ടം ഉടമകളും, അവരുടെ ഇടനിലക്കാരും, തൊഴിലാളി ഭവനങ്ങള്‍ കൊള്ളയടിക്കുന്നു. എന്‍റെ മുന്നില്‍ പരാതി പറഞ്ഞവരെ മര്‍ദ്ദിക്കുന്നു. വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. മുതലാളിമാര്‍ തന്നെ അക്രമവും തീവെയ്പും നടത്തി തൊഴിലാളികളെ പ്രതികളാക്കുന്നു. ഉദ്യോഗസ്ഥര്‍ മുതലാളിമാരോടൊപ്പം നില്‍ക്കുന്നു. നീതി ലഭിക്കുന്നില്ല. മനുഷ്യത്വം ഹനിക്കപ്പെടുന്നു. ഈ കാര്യങ്ങളില്‍ വ്യക്തമായ തെളിവ് ഹാജരാക്കാന്‍ എനിക്ക് കഴിയും. ഇത്തരം നടപടികള്‍ക്കെതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ അതിന്‍റെ ഭവിഷിത്ത് ഗുരുതരമായിരിക്കും ഗാന്ധിജി കത്തിലൂടെ മുന്നറിയിപ്പ് നല്‍കി.

 

ഗാന്ധിജിയുടെ ഈ നീക്കത്തിനെതിരെ തോട്ടം ഉടമകളും, ഉദ്യോഗസ്ഥരും വ്യാപകമായി പ്രതിഷേധിച്ചു. അവര്‍ വ്യാജ പരാതികളും, റിപ്പോര്‍ട്ടുകളും നിര്‍മ്മിച്ച് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. ഗാന്ധിജിയെ ഒരു അക്രമകാരിയും, ബ്രിട്ടീഷ് വിരുദ്ധനുമായും ചിത്രീകരിച്ചു.

 

പരാതികളുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ “സര്‍ എഡ്വേഡ് ഗെയ്റ്റി”നു മുമ്പില്‍ ജൂണ്‍ 4 ന് ഹാജരാകുവാന്‍ ഗാന്ധിജിയ്ക്ക് സമന്‍സ് നല്‍കപ്പെട്ടു. ഗാന്ധിജിയ്ക്കെതിരെ കടുത്ത നടപടികള്‍ പ്രതീക്ഷിച്ച് തൊഴിലാളികളും മറ്റ് നേതാക്കളും വളരെ രഹസ്യമായി
പലമുന്‍കരുതലുകളും എടുത്തിരുന്നു. ഗവര്‍ണറെ സ്വാധീനിക്കുവാന്‍ മുതലാളിമാര്‍ പലമാര്‍ഗ്ഗങ്ങളും സ്വീകരിച്ചു. ഗാന്ധിജിയെ എത്രയും വേഗം ചമ്പാരനില്‍ നിന്നും പുറത്തു കടത്തണമെന്ന് യൂറോപ്യന്‍ ഡിഫന്‍സ് അസോസ്സിയേഷന്‍ പ്രമേയം പാസ്സാക്കി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. പത്ര-മാധ്യമങ്ങളിലൂടെ ഗാന്ധിജിയ്ക്കെതിരെ ലേഖനങ്ങള്‍ എഴുതിച്ചു. വന്‍ഗൂഢാലോചനകള്‍ അരങ്ങേറി.

 

ജൂണ്‍ 4 ന് ഗവര്‍ണറും ഗാന്ധിജിയും തമ്മിലുള്ള സംഭാഷണം ദീര്‍ഘ സമയം നടന്നു. തുടര്‍ച്ചയായി 5 -ാം തീയതിയും, 6 -ാം തീയതിയും സംഭാഷണം നടന്നു. ജൂണ്‍ 6ന് വൈകുന്നേരം ചമ്പാരന്‍ വിഷയത്തില്‍ സര്‍ക്കാര്‍തല അന്വേഷണ കമ്മീഷന് രൂപം കൊടുക്കുവാനും, ഗാന്ധിജിയെ കമ്മീഷനിലെ ഒരംഗമായി നിയമിക്കുവാനും തീരുമാനിച്ചു.

 

ജൂണ്‍ 13 ന് ഔദ്യോഗികമായി അന്വേഷണ കമ്മീഷന്‍ പ്രഖ്യാപിക്കപ്പെട്ടു. കമ്മീഷണര്‍ എഫ്.ജി. സ്ലേ അദ്ധ്യക്ഷനായ കമ്മീഷനില്‍ നിയമകാര്യ മേധാവി എല്‍.സി.അദാനി ഐ.സി.എസ്, നിയമസഭാംഗങ്ങളായ രാജഹരിഹരപ്രസാദ് നാരായണസിംഗ്, ഡി.ജെ. റെയ്ഡ്, ധനകാര്യ ഡെപ്യൂട്ടി സെക്രട്ടറി ജി. റെയ്നി, തൊഴിലാളികളെ പ്രതിനിധീകരിച്ച് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നിവര്‍ അംഗങ്ങളായി ആറംഗ കമ്മീഷനാണ് നിയമിക്കപ്പെട്ടത്. ഇ.എല്‍. ടാണര്‍ ഐ.സി.എസ്. കമ്മീഷന്‍ സെക്രട്ടറിയായും നിയമിക്കപ്പെട്ടു.

 

ജൂലൈ 15 മുതല്‍ തുടര്‍ച്ചയായി തെളിവെടുപ്പ് നടത്തിയ കമ്മീഷന്‍ നിശ്ചയിക്കപ്പെട്ട മൂന്ന് മാസകാലവധിക്കുള്ളില്‍ ഒക്ടോബര്‍ 4 ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാര്‍ നവംബര്‍ 29 ന് ചമ്പാരന്‍ കര്‍ഷക ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. 5 മാസത്തെ ചര്‍ച്ചകള്‍ക്കും വാദപ്രതി വാദങ്ങള്‍ക്കും ശേഷം പാസ്സാക്കപ്പെട്ട ഈ ബില്‍ 1918 മെയ് 1 ന് ഗവര്‍ണര്‍ ജനറല്‍ ഒപ്പുവച്ചതോട് കൂടി ചമ്പാരന്‍ കര്‍ഷകനിയമം – 1917 നിലവില്‍ വന്നു.

 

ഗാന്ധിജി തന്‍റെ മനസ്സും, ശരീരവും പൂര്‍ണ്ണമായി സമര്‍പ്പിച്ച് ഒരു വര്‍ഷവും പതിനൊന്ന് ദിവസവും നിരന്തരമായി പോരാടി കൈവരിച്ച ഈ നേട്ടം ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗത്തിനും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും എന്നും എക്കാലവും ആവേശം പകരും. പ്രത്യക്ഷമായും പരോക്ഷമായും മുപ്പത്തി മൂവായിരത്തോളം തൊഴിലാളികളും, പാട്ടക്കാരും ഈ പ്രക്ഷോഭത്തില്‍ പങ്കെടുത്തു എന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.

 

1918 മെയ് 24 ന് മോത്തിഹാരിയിലെ തന്‍റെ ആശ്രമത്തിന് ശിലാസ്ഥാപനം നടത്തി ചമ്പാരനോട് വിട പറഞ്ഞ അദ്ദേഹം, സ്വരാജ് എന്ന നമ്മുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇതുപോലുള്ള തൊഴിലാളി കളെയും, പാവപ്പെട്ടവരെയും ചൂഷണത്തില്‍ നിന്നും മുക്തമാക്കുവാന്‍ നമുക്ക് കഴിയണം. അതിനായി പ്രവര്‍ത്തിക്കണം. അസനിഗ്ധമായി ഗാന്ധിജി അഭിപ്രായപ്പെട്ടു. ഈ വാക്കുകള്‍ ഇന്നും അന്വര്‍ത്ഥമാണ് – അനശ്വരമാണ്.

 

ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥാനത്തിന്‍റെ പിതാവായ മഹാത്മ ഗാന്ധിജിയുടെ പ്രവര്‍ത്തനശക്തിയും ആവേശവും മൂന്ന് കോടി മുപ്പത്തിമൂന്ന് ലക്ഷം അംഗ സംഖ്യയുള്ള ഐ.എന്‍.റ്റി.യു.സി.യ്ക്ക് ഇന്നും എന്നും പ്രചോദനവും വഴികാട്ടിയുമാണ്. ഇന്ത്യന്‍ തൊഴിലാളി മോചന ഇതിഹാസ ചരിത്രമാണ് ചമ്പാരന്‍ സമരം.

 

“ചരിത്രം സൃഷ്ടിക്കുന്നതും – വിജയം രചിക്കുന്നതും തൊഴിലാളികളാണ്”

 

CHAMPARAN ARTICLE BY R. CHANDRASEKHARAN

Leave a Reply

Your email address will not be published. Required fields are marked *