INDIAN TRADE UNION

1770 ല്‍ ഇംഗ്ലണ്ടില്‍ ആരംഭിച്ച വ്യവസായ വിപ്ലവം തങ്ങളുടെ കോളനി രാജ്യമായിരുന്ന ഇന്ത്യയിലേയ്ക്കും വ്യാപിച്ചു. 1817 – ല്‍ ഒരു ബ്രിട്ടീഷ് വ്യവസായി കല്‍ക്കത്തയിലെ ഹൗറയില്‍ തുണിമില്‍ ആരംഭിച്ചത്തോട് കൂടി ഇവിടെയും വ്യവസായ വിപ്ലവത്തിന് തുടക്കമായി. 1839 ലെ തേയില, കാപ്പി തോട്ടങ്ങളുടെ ആരംഭവും 1853 ലെ ട്രെയിന്‍ സര്‍വ്വീസിന്‍റെ തുടക്കവും വ്യവസായ വളര്‍ച്ചയ്ക്ക് ശക്തി പകര്‍ന്നു.
 

ഈ വ്യവസായ വളര്‍ച്ച മറ്റ് എവിടെയും എന്നതുപോലെ ഇവിടെയും വ്യാപകമായ തൊഴില്‍ ചൂഷണത്തിന് വേദിയായി. പതിനാലും പതിനെട്ടും മണിക്കൂര്‍ വരെ ജോലി ചെയ്താലും 3 അണ അഥവ 18 നയാപൈസയായിരുന്നു ദിവസകൂലി. പട്ടിണി, രോഗം, മരണം നിത്യസംഭവങ്ങളായിരുന്നു. തൊഴിലാളി മരിച്ചാല്‍ പേപ്പട്ടിയെ കുഴിച്ചിടുന്നതു പോലെ ശരീരം മറവ് ചെയ്യുന്ന മനുഷ്യത്വരഹിത സ്ഥിതിയും നിലനിന്നു.

 

1862 ല്‍ കല്‍ക്കത്തയിലെ ഹൗറയില്‍ 1200 ഓളം റെയില്‍വെ തൊഴിലാളികള്‍ നടത്തിയ പണിമുടക്കാണ് ഇന്ത്യയിലെ ആദ്യ തൊഴിലാളി പണിമുടക്ക്. ജോലി സമയം 8 മണിക്കൂര്‍ ആയി നിജപ്പെടുത്തണം എന്നതായിരുന്നു പ്രധാന ആവശ്യം. ജോലി സമയം 8 മണിക്കൂര്‍ ആയി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 1886 ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന മേയ്ദിന പ്രക്ഷോഭത്തിന് 24 വര്‍ഷം മുമ്പ് ഇതേ ആവശ്യം ഉന്നയിച്ച് ഇന്ത്യയിലെ തൊഴിലാളികള്‍ പണിമുടക്ക് നടത്തിയിരുന്നു എന്നത് ഇന്നും ആവേശം പകരുന്നു. ഇതിന് പിന്നാലെ 1870ല്‍ വര്‍ക്കിംഗ് മെന്‍ ക്ലബ്ബ് എന്ന പേരില്‍ കല്‍ക്കത്തയില്‍ ശശിപാദ ബാനര്‍ജിയുടെ നേതൃത്വത്തില്‍
യൂണിയന്‍ രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചെങ്കിലും അതിനെയും ഭരണക്കൂടം അമര്‍ച്ച ചെയ്തു.

 

1870 ലും 1875 ലും ബോംബയില്‍ നടന്ന വന്‍തൊഴിലാളി പ്രക്ഷോഭത്തെയും 1877 ല്‍ നാഗ്പൂര്‍ എക്സ്പ്രൈസ് മില്ലില്‍ നടന്ന പണിമുടക്കിനെയും ഭരണകൂടം അടിച്ചമര്‍ത്തി. എന്നാല്‍ ഈ സമരങ്ങള്‍ എല്ലാം 1881 ലെ ഫാക്ടറി നിയമ രൂപീകരണത്തിന്
കാരണമായി. അങ്ങനെ തൊഴിലും തൊഴിലാളിയുമായി ബന്ധപ്പെട്ട ആദ്യ നിയമം പ്രാബല്യത്തില്‍ വന്നു. തൊഴിലാളികള്‍ സ്വയം സംഘടിച്ച് പോരാടി നേടിയ വിജയമായിരുന്നു ഇത്.

 

തുടര്‍ന്ന് എ. എം. ലോഖാന്‍ഡെയുടെ നേതൃത്വത്തില്‍ 1890 ല്‍ ബോംബെ മില്‍ഹാന്‍റ് അസോസിയേഷന്‍ എന്ന തൊഴിലാളി
സംഘടന രൂപീകരിച്ച് പ്രക്ഷോഭം നടത്തിയെങ്കിലും അതിനെയും ഭരണകൂടം അടിച്ചമര്‍ത്തി. രാജ്യദ്രോഹം ചുമത്തി ലോക്മാന്യ ബാലഗംഗാധര തിലക് – നെ അറസ്റ്റ് ചെയ്തതതില്‍ പ്രതിഷേധിച്ച് 1908 ജൂലൈ 22 മുതല്‍ ഒരാഴ്ചക്കാലം തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് ബോംബെ നഗരം നിശ്ചലമാക്കി. ടെക്സ്റ്റെല്‍മില്ലുകളും റെയില്‍വേ വര്‍ക്ക്ഷോപ്പുകളും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേി വന്നു. പട്ടാളത്തെ ഇറക്കി വെടിവെയ്പും ഭീകരമര്‍ദ്ദനവും നടത്തിയാണ് ഭരണകൂടം ഈ പണിമുടക്കിനെയും സമരത്തെയും നേരിട്ടത്. ഇതുമായി ബന്ധപ്പെട്ട് 16 ഓളം തൊഴിലാളികള്‍ കൊല്ലപ്പെട്ടു. 100 ല്‍പരം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

 

ഈ രീതിയില്‍ തൊഴിലാളികള്‍ ഭയത്തിന്‍റെയും ഭീതിയുടെയും അന്തരീക്ഷത്തില്‍ നിലനില്‍ക്കുമ്പോഴാണ് 1917 – ല്‍ ബീഹാറിലെ ചമ്പാരന്‍ നീലം കര്‍ഷക തൊഴിലാളികളുടെ അവകാശ സമരത്തിന് ഗാന്ധിജി നേതൃത്വം നല്‍കിയത്. ഈ സമരത്തിനിടയില്‍
അനസൂയ സാരാബായി എന്ന വനിത ഗാന്ധിജിയെ പരിചയപ്പെട്ടു. താന്‍ ബ്രിട്ടണില്‍ ആയിരുന്നപ്പോള്‍ കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്ത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളും പ്രക്ഷോഭങ്ങളും തൊഴിലാളികളുടെ അവകാശ സംരക്ഷണ രീതികളും അനസൂയ സാരബായി ഗാന്ധിജിയുമായി പങ്കുവച്ചു. മഹാത്മജിയുടെ പിന്‍തുണയോടെ അവര്‍ ഈ കാര്യങ്ങള്‍ അഹമ്മദബാദിലെ മില്‍ തൊഴിലാളികളെ ബോധ്യപ്പെടുത്തി. ബ്രിട്ടണിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഇവിടുത്തെ തൊഴിലാളികള്‍ക്കും ലഭ്യമാകണമെന്ന് അവര്‍ വാദിച്ചു.

 

ഗാന്ധിജിയുടെ അനുഗ്രഹത്താല്‍ അനസൂയ സാരാബായിയുടെ നേതൃത്വത്തില്‍ ടെക്സ്റ്റെല്‍ ലേബര്‍ അസോസിയേഷന്‍ എന്ന ട്രേഡ് യൂണിയന്‍ 1917 – ല്‍ അഹമ്മദാബാദില്‍ രൂപമെടുത്തത് തൊഴിലാളികള്‍ക്ക് ആവേശമായി. ഈ യൂണിയന്‍റെ നേതൃത്വത്തില്‍ ഇതേ വര്‍ഷം ഡിസംബര്‍ 4 ന് ആരംഭിച്ച പണിമുടക്ക് മഹാത്മഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് 25 -ാം ദിവസം ഒത്തുതീര്‍പ്പായി. കരാര്‍ ഒപ്പുവച്ചു. ഇന്ത്യയിലെ ആദ്യ സംഘടിത പണിമുടക്കിനും ചര്‍ച്ചകള്‍ക്കും കരാറിനും രാജ്യവും തൊഴിലാളികളും സാക്ഷിയായി.

 

എന്നാല്‍ ധിക്കാരികളായ മുതലാളിമാര്‍ കരാരിനെ ലംഘിച്ചു. വ്യവസായ – ട്രേഡ് യൂണിയന്‍ രംഗത്തെ ആദ്യ കരാര്‍ ലംഘനം. ഈ നടപടി ഗാന്ധിജിയെ ക്ഷുഭിതനാക്കി. 1918 ഫെബ്രുവരി 22 മുതല്‍ മഹാത്മജി നേരിട്ട് പണിമുടക്ക് പ്രഖ്യാപിച്ചു. ഈ പണിമുടക്കിന്‍റെ വിജയത്തിനായി മാര്‍ച്ച് 15 മുതല്‍ 18 വരെ അദ്ദേഹം നിരാഹാരസമരവും നടത്തി. അങ്ങനെ ഇന്ത്യയില്‍ ബ്രിട്ടീഷുക്കാര്‍ക്കെതിരെ ഗാന്ധിജി തൊഴിലാളികളിലൂടെ ആദ്യ സമരമുഖം തുറന്നു. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ നിരാഹാരസമരം. മുതലാളിമാര്‍ കീഴടങ്ങി. സമരം വിജയിച്ചു. ഗാന്ധിജിയുടെ നിരാഹാര സമരത്തിന്‍റെ ശക്തി തൊഴിലാളികളും മുതലാളിമാരും ബ്രിട്ടീഷ് സര്‍ക്കാരും പൊതുസമൂഹവും തിരിച്ചറിഞ്ഞു.

 

ആദ്യ ട്രേഡ് യൂണിയന്‍-ആദ്യ പണിമുടക്ക് – ആദ്യ കരാര്‍ – ആദ്യ കരാര്‍ ലംഘനം – ആദ്യ നിരാഹാരം – ആദ്യ സമരവിജയം രാജ്യത്തെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തില്‍ കേവലം മൂന്ന് മാസത്തിനുള്ളിലെ ചരിത്ര സംഭവങ്ങളാണിത്.

 

ആരെയും എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ ജയിലില്‍ അടയ്ക്കാനുമായി 1919 മാര്‍ച്ച് 10 ന് ബ്രിട്ടീഷ് സര്‍ക്കാര്‍ നടപ്പിലാക്കിയ റൗലറ്റ് നിയമത്തിനെതിരെ നടന്ന പ്രക്ഷോഭം മറ്റൊരു വലിയ സമരത്തിന്‍റെ തുടക്കമായിരുന്നു. ഇതിന്‍റെ
പേരില്‍ ഏപ്രില്‍ 13 ന് ജാലിയന്‍വാലബാഗില്‍ നടന്ന വെടിവെയ്പും അതിലൂടെ മരണപ്പെട്ട ആയിരങ്ങളും സാധാരണ തൊഴിലാളികളായിരുന്നു. എന്നാല്‍ ആര്‍ക്കും തമസ്കരിക്കാന്‍ കഴിയാത്ത ഈ സംഭവം തൊഴിലാളി രക്തസാക്ഷിത്വ സ്മരണകളായി
ഇന്നും ചരിത്രം രേഖപ്പെടുത്തുന്നു.

 

ടെക്സ്റ്റെല്‍ രംഗത്തെ സമരവിജയവും, ജാലിയന്‍ വാലാബാഗ് സംഭവവും അന്തര്‍ദേശീയ തലത്തിലെ ILO രൂപീകരണവും ഗാന്ധിജിയില്‍ പുതിയ ആശയങ്ങള്‍ക്ക് തുടക്കമിട്ടു. വ്യവസായത്തിലും കച്ചവടത്തിലും ലാഭത്തിലും ശ്രദ്ധ കൊടുക്കുന്ന ബ്രിട്ടീഷുകാരോട് പോരാടുവാന്‍ അവരുടെ സാമ്പത്തിക സ്രോതസ്സിന് പ്രഹരം ഏല്‍പ്പിക്കണം. അതിനായി ചൂഷിതരും അസംതൃപ്തരുമായ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന അവരുടെ വ്യവസായ – വാണിജ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടണം.
ഇന്ത്യന്‍ വ്യവസായ രംഗത്തെ ബ്രിട്ടീഷുകാരുടെ അനീതിയും മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങളും ILO വഴി അന്താരാഷ്ട്രതലത്തില്‍ ഉന്നയിക്കപ്പെടണം. അതിന് ശക്തമായ ട്രേഡ് യൂണിയന്‍ അനിവാര്യമാണ്. ഈ ആശയത്തിന് രൂപം കൊടുത്ത ഗാന്ധിജി 1919 ഡിസംബര്‍ 26 ന് അമൃത്സര്‍ AICC സമ്മേളനത്തില്‍ ഒരു ദേശീയ ട്രേഡ് യൂണിയന്‍ രൂപീകരിക്കണമെന്ന അഭിപ്രായം മുന്നോട്ടു വച്ചു. കോണ്‍ഗ്രസ്സിന്‍റെ എല്ലാ കീഴ്ഘടകങ്ങളും ഈ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെ എല്ലാവിധത്തിലും പിന്‍തുണച്ച് പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ ആശയാഭിപ്രായങ്ങളെ അംഗീകരിച്ച കോണ്‍ഗ്രസ്സ് ഒരു ദേശീയ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.

 

ഇതനുസരിച്ച് 1920 ഒക്ടോബര്‍ 31 ന് കോണ്‍ഗ്രസ്സ് രൂപീകരിച്ച സംഘടനയാണ് ആള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സ് (AITUC). പ്രഥമ പ്രസിഡന്‍റായി കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് ലാലാ ലജ്പത്റായിയെ തിരഞ്ഞെടുത്തു. 1919 ല്‍ നിലവില്‍ വന്ന ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍റെ 1920 ല്‍ നടന്ന പ്രഥമ സമ്മേളനത്തില്‍ ഇന്ത്യന്‍ തൊഴിലാളികളെ പ്രതിനിധീകരിച്ച് ലാലാ ലജ്പത്റായ് പങ്കെടുത്തു. AITUC യുടെ നേതൃത്വത്തില്‍ പിന്നീട് നടന്ന സമരപ്രക്ഷോഭങ്ങള്‍ 1926ലെ ട്രേഡ് യൂണിയന്‍ നിയമം ഉള്‍പ്പെടെ ചില നിയമ നിര്‍മ്മാണങ്ങള്‍ക്ക് പ്രേരകഘടകമായി. തൊഴിലാളികളുടെ അവകാശ സമരങ്ങളോടൊപ്പം സ്വാതന്ത്ര്യ സമരപോരാട്ടത്തിലും തൊഴിലാളികള്‍ സജീവപങ്കാളികളായപ്പോള്‍ ബ്രിട്ടീഷ് വ്യവസായികളുടെ, വ്യവസായ വാണിജ്യ മേഖലകള്‍ പലതും പ്രതിസന്ധിയിലായി. അടിച്ചമര്‍ത്തലുകളും കേസ്സുകളും രൂക്ഷമായപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ തൊഴിലാളികള്‍ ഒരുമിച്ച് പ്രതിരോധനിര തീര്‍ത്തു.

 

കോണ്‍ഗ്രസ്സ് നേതാക്കളായ ലാലാ ലജ്പത്റായ് 1920 ലും, സി.ആര്‍. ദാസ് 1923 ലും, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു 1928 ലും, സുഭാഷ് ചന്ദ്രബോസ് 1929 ലും, സുരേഷ് ചന്ദ്ര ബാനര്‍ജി 1938 ലും, വി. വി. ഗിരി 1942 ലും എ. ഐ. റ്റി.യു.സി. പ്രസിഡന്‍റുമാരായിരുന്നു.

 

തൊഴിലാളികളുടെയും സാധാരണ ജനങ്ങളുടെയും സര്‍വ്വ മനുഷ്യശക്തിയും സമാഹരിച്ച് പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന ആഹ്വാനം 1942 ആഗസ്റ്റ് 8 ന് ഇന്ത്യക്കാരോടും, കടക്കൂ പുറത്ത് എന്ന ആജ്ഞ ബ്രിട്ടീഷുകാരോടും ഒരേ സമയം നടത്തിയ മഹാത്മജി ഇന്ത്യന്‍ തൊഴിലാളികളുടെ ദുരിത ജീവിതമോചനവും സ്വാതന്ത്ര്യ സമ്പാദനവും ലക്ഷ്യമിട്ടു. ഗാന്ധിജിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ആഗസ്റ്റ് 9 ന് അദ്ദേഹവും ജവഹര്‍ലാല്‍ നെഹ്റുവും സര്‍ദാര്‍ വല്ലഭ ഭായി പട്ടേലും AITUC പ്രസിഡന്‍റായിരുന്ന വി.വി. ഗിരിയും ഉള്‍പ്പെടെ കോണ്‍ഗ്രസ്സിന്‍റെയും AITUC യുടെയും മുഴുവന്‍ ദേശീയ നേതാക്കളെയും പ്രദേശിക നേതാക്കളെയും വരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.

 

ബ്രിട്ടീഷുക്കാര്‍ക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് 1939 ആഗസ്റ്റ് 23 ന് റഷ്യയിലെ കമ്മ്യൂണിസ്റ്റ് സ്റ്റാന്‍ലിനും ജര്‍മ്മനിയിലെ ഫാസിസ്റ്റ് ഹിറ്റ്ലറുമായി ഒപ്പുവച്ച സഹകരണ കരാറിന്‍റെ അടിസ്ഥാനത്തില്‍ 1939 സെപ്റ്റംബര്‍ ഒന്നിന് 2-ാം
ലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ ഹിറ്റ്ലറും സ്റ്റാലിനും ഒരുമിച്ച് ബ്രിട്ടീഷുക്കാരോട് യുദ്ധം ചെയ്തു. എന്നാല്‍ 1941 ജൂണ്‍ 22 ന് സ്റ്റാലിനുമായുള്ള കരാര്‍ ലംഘിച്ച് ഹിറ്റ്ലര്‍ റഷ്യയോട് യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ എല്ലാവിധത്തിലും സഹായം അനിവാര്യമായിരുന്ന
റഷ്യ ബ്രിട്ടന്‍റെ സഹായം തേടി സഹകരണം ഉറപ്പു വരുത്തി.

 

റഷ്യയും ബ്രിട്ടണുമായുള്ള കൂട്ടുക്കെട്ടിന്‍റെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന്‍റെയും ഗാന്ധിജിയുടെയും ക്വിറ്റ് ഇന്ത്യാ സമരത്തെ ഒരു സാഹചര്യത്തിലും സഹായിക്കരുതെന്നും ഇന്ത്യയില്‍ യാതൊരു സമരവും നടത്തരുതെന്നും ബ്രിട്ടീഷുകാര്‍ക്ക് എല്ലാ സഹായവും
ചെയ്തു കൊടുക്കണമെന്നും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് റഷ്യയില്‍ നിന്നും സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കി. ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ ആവശ്യപ്രകാരമായിരുന്നു ഈ നിര്‍ദ്ദേശം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും റഷ്യയില്‍ നിന്നും
സ്വീകരിച്ച് നടപ്പാക്കിയിരുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ റഷ്യന്‍ നിര്‍ദ്ദേശമനുസരിച്ച് ബ്രിട്ടീഷുക്കാരെ സഹായിക്കാന്‍ തുടങ്ങി. AITUC യുടെയും കോണ്‍ഗ്രസ്സിന്‍റെയും നേതാക്കളെയും പ്രവര്‍ത്തകരെയും അവര്‍
ഒറ്റുകൊടുത്തു. എല്ലാവരും ജയിലിലായപ്പോള്‍ പോലീസിന്‍റെയും ബ്രിട്ടീഷ് സര്‍ക്കാരിന്‍റെയും പിന്‍തുണയോടെ 1943 ല്‍ അനധികൃതമായി AITUC യുടെ യോഗം വിളിച്ച് ചേര്‍ത്ത് കമ്മ്യൂണിസ്റ്റ് നേതാവ് എസ്. എ. ഡാങ്കെയെ പ്രസിഡന്‍റായി തിരഞ്ഞെടുത്തു. ഇതിന് പിന്നാലെ AITUC ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കുന്നില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ചു. ഇതിനുള്ള പ്രതിഫലമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരോധനം ബ്രിട്ടീഷ് സര്‍ക്കാര്‍ അന്ന് പിന്‍വലിച്ചു.

 

AITUC നേതാക്കളുടെ ഈ പ്രഖ്യാപനം കടലാസില്‍ മാത്രം ഒതുങ്ങി. തൊഴിലാളികള്‍ ഒന്നടങ്കം ഇതിനെ തള്ളിക്കളഞ്ഞു. ഇതിനു പുറമെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി പി.സി. ജോഷിയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ക്വിറ്റ് ഇന്ത്യാ സമരത്തെ
ഒറ്റുകൊടുത്ത് ബ്രിട്ടീഷുകാരോടൊപ്പം പ്രവര്‍ത്തിച്ചു. ഇന്നത്തെ BMS ന്‍റെ പ്രവര്‍ത്തന ബിന്ദുവായ RSS ഉം ഗോള്‍വാക്കറിന്‍റെ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ത്ത് ബ്രിട്ടീഷുക്കാരെ പിന്‍തുണച്ചതും മറ്റൊരു ചരിത്രസത്യം. മുഹമ്മദാലി ജിന്നയുടെ നേതൃത്വത്തില്‍ മുസ്ലീം ലീഗും ബ്രിട്ടീഷുകാര്‍ക്ക് പിന്തുണ നല്‍കി സമരത്തെ എതിര്‍ത്തു. ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഹിന്ദു മഹാസഭയും ബ്രിട്ടീഷുകാരോടൊപ്പം അണിനിരന്ന് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെ വര്‍ഗീയമായി തകര്‍ക്കാന്‍ ശ്രമിച്ചു.

 

ഇന്ത്യാക്കാരുടെ ഭൂരിപക്ഷത്തിലായിരുന്ന ബ്രിട്ടീഷ് വൈസ്രോയിയുടെ ഉപദേശക സമിതിയും, എല്ലാ നാട്ടുരാജ്യ രാജാക്കന്മാരും, ചക്രവര്‍ത്തിമാരും, പോലീസും. പട്ടാളവും, മുഴുവന്‍ ICS കാരും, മറ്റ് ഉദ്യോഗസ്ഥവൃന്ദവും, ഇന്ത്യന്‍ വ്യവസായികളും, ജന്മിമാരും,
സമ്പന്നരും ഉള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ത്ത് ബ്രിട്ടീഷുകാര്‍ക്ക് കൂട്ടമായി സ്തുതിഗീതം പാടി.

 

എന്നാല്‍ മഹാത്മജിയുടെ വ്യക്തമായ ലക്ഷ്യബോധത്തിനും ഇന്ത്യന്‍ തൊഴിലാളികളുടെയും ജനങ്ങളുടെയും നിശ്ചയദാര്‍ഢ്യത്തിനും നാലു വര്‍ഷത്തെ നിരന്തരമായ സമരത്തിനും ഒടുവില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കീഴടങ്ങി. 1946 മാര്‍ച്ച് 15 ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമന്‍റ് ആറ്റ്ലി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നതാണെന്ന് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ പ്രഖ്യാപിച്ചു. അങ്ങനെ ബ്രിട്ടീഷുക്കാര്‍ക്ക് വിടു പണി ചെയ്ത് സ്വാതന്ത്ര്യസമരത്തെയും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെയും ഒറ്റുകൊടുത്ത എല്ലാ ദേശവിരുദ്ധ ശക്തികളും അപമാനിതരായി തലതാഴ്ത്തിയ ദിനമാണ് 1946 മാര്‍ച്ച് 15. നിശബ്ദരായി മാളങ്ങളില്‍ ഒളിച്ച ഇവര്‍ തൊഴിലാളികളില്‍ നിന്നും ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു. 1946 ആഗസ്റ്റ് മാസം നടന്ന ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും
അതിന് വ്യക്തമായ തെളിവാണ്.

 

അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിച്ചത് 1773 ഡിസംബര്‍ 16 ന് നടന്ന ബോസ്റ്റണ്‍ ടീ പാര്‍ട്ടി തൊഴിലാളി പ്രക്ഷോഭമാണ്. ഈ സമരമാണ് 1783 സെപ്റ്റംബര്‍ 3 ന് അമേരിക്ക സ്വാതന്ത്ര്യം നേടുവാന്‍ ഇടയാക്കിയത്. 1789 – ല്‍ ആരംഭിച്ച് 1799 ല്‍ വിജയം നേടിയ ഫ്രഞ്ചു വിപ്ലവവും തൊഴിലാളി പോരാട്ടം തന്നെയായിരുന്നു. 1917 ല്‍ നടന്ന റഷ്യന്‍ വിപ്ലവം തൊഴിലാളി സര്‍വ്വാധിപത്യമായി മാറി. 1946ലെ ചൈനീസ് വിപ്ലവവും തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യ പാതയിലേയ്ക്ക് നയിച്ചു. 1917 ല്‍ ചമ്പാരന്‍ നീലം കര്‍ഷക തൊഴിലാളി പ്രക്ഷോഭത്തില്‍ തുടങ്ങി ക്വിറ്റ് ഇന്ത്യാ സമരത്തില്‍ അവസാനിച്ച 29 വര്‍ഷത്തെ പോരാട്ടം ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമ്പാദനത്തിലെത്തി. 7 കോടി തൊഴിലാളി ജനങ്ങള്‍ പ്രത്യക്ഷമായും 25 കോടി പരോക്ഷമായും നടത്തിയ പോരാട്ടവും വിജയവുമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യം. ഇതിന് പ്രേരക ശക്തിയും മുന്നണി പടയാളികളുമായി പോരാട്ടം നടത്തിയ തൊഴിലാളികളെയും നേതാക്കളെയും സര്‍വ്വ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന ഇന്ത്യയിലെ ഇന്നത്തെ തൊഴിലാളികള്‍ ഓരോ ദിനത്തിലും സ്മരിക്കേിയിരിക്കുന്നു.

 

ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗ പോരാട്ടത്തിന്‍റെ ആദ്യയുഗം ഇവിടെ അവസാനിക്കുമ്പോള്‍ സ്വതന്ത്ര ഭാരതത്തിലെ പുത്തന്‍ ട്രേഡ് യൂണിയന്‍ സംസ്കാരത്തിന്‍റെ ഉദയത്തിനും രാജ്യം സാക്ഷിയായി. അതാണ് 1947 മെയ് 3 ന് ജന്മമെടുത്ത ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സ് അഥവാ INTUC.