ക്വിറ്റ് ഇന്ത്യാ സമരത്തെ തുടര്‍ന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നതാണെന്ന് 1946 മാര്‍ച്ച് 15 ന് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്‌ലി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. ഇതേ വര്‍ഷം സെപ്റ്റംബര്‍ 2 ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയുടെ ഇടക്കാല പ്രധാനമന്ത്രിയായി.
കോണ്‍ഗ്രസ്സ് രൂപീകരിച്ച ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥാനമായ AITUC യെ ബ്രിട്ടീഷുകാര്‍ക്കു മുമ്പില്‍ അടിയറവയ്ക്കുകയും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരെ ഒറ്റുകൊടുക്കുകയും ചെയ്ത AITUC നേതാക്കളെ തൊഴിലാളികള്‍ വെറുത്തു. കോണ്‍ഗ്രസ്സ് സ്ഥാപിച്ച AITUC യെ ചതി പ്രയോഗത്തിലൂടെ കമ്മ്യൂണിസ്റ്റ് സംഘടനയാക്കി മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ച് 1947 മെയ് 3 ന് അഞ്ചുലക്ഷത്തി അറുപത്തയ്യായിരത്തോളം അംഗസംഖ്യയുള്ള 200 പ്രധാന യൂണിയനുകളുടെ നേതാക്കള്‍ ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റുവന്റ് ക്ലബ്ബില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഐ.എന്‍.റ്റി.യു.സി. രൂപീകരിച്ചു.
ഗാന്ധിജിയുടെ അനുഗ്രഹത്തോടെ നടന്ന ഈ പ്രഥമ സമ്മേളനം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ജെ.ബി. കൃപലാനി ഉദ്ഘാടനം ചെയ്തു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ്സിന്റെയും ട്രേഡ് യൂണിയനുകളുടെയും സമുന്നതരായ നേതാക്കള്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചു.
രൂപീകരണ സമ്മേളന നേതാക്കള്‍
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ -അദ്ധ്യക്ഷന്‍
ജെ.ബി. കൃപലാനി -ഉദ്ഘാടകന്‍
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു – മുഖ്യപ്രഭാഷണം
ജഗ്ജീവന്‍ റാം -ആശംസാ പ്രസംഗം
എസ്.കെ. പട്ടേല്‍ -ആശംസാ പ്രസംഗം
അശോക് മേത്ത -ആശംസാ പ്രസംഗം
ഗുല്‍സാരിലാല്‍ നന്ദ – ആശംസാ പ്രസംഗം
സുരേഷ് ചന്ദ്ര ബാനര്‍ജി – ആശംസാ പ്രസംഗം
ജി. രാമാനുജം – ആശംസാ പ്രസംഗം
റാം മനോഹര്‍ ലോഹ്യ – ആശംസാ പ്രസംഗം
അരുണാ ആസിഫ് അലി – ആശംസാ പ്രസംഗം
കാന്തുഭായ് ദേശായി -ആശംസാ പ്രസംഗം
മൈക്കിള്‍ ജോണ്‍ -ആശംസാ പ്രസംഗം
എസ്.ആര്‍. വാസവ്ദ – ആശംസാ പ്രസംഗം
ജി.ഡി. അബേദ്കര്‍ – ആശംസാ പ്രസംഗം
വി.വി. ഡേവിഡ് -ആശംസാ പ്രസംഗം
അബിദ് ആലി ജാഫര്‍ഭോയ് -ആശംസാ പ്രസംഗം
ശങ്കര്‍ റാവു ദിയോ – ആശംസാ പ്രസംഗം
ബി.ജി. ഖേര്‍ -ആശംസാ പ്രസംഗം
ഒ.പി. രാമസ്വാമി റെഡ്ഡിയാര്‍ -ആശംസാ പ്രസംഗം
രവി ശങ്കര്‍ ശുക്ല -ആശംസാ പ്രസംഗം
ഹരേ കൃഷ്ണാ മെഹതാബ് -ആശംസാ പ്രസംഗം
കമലാദേവി ചതോപാത്യായ -ആശംസാ പ്രസംഗം
ആര്‍.ആര്‍. ദിവാകര്‍ -ആശംസാ പ്രസംഗം
ഭീമസെന്‍ സര്‍ക്കാര്‍ -ആശംസാ പ്രസംഗം
ദേവന്‍സെന്‍ -ആശംസാ പ്രസംഗം
ഹരിഹര്‍നാഥ് ശാസ്ത്രി -ആശംസാ പ്രസംഗം
എസ്.പി. സെന്‍ -ആശംസാ പ്രസംഗം
ആര്‍. കെ. ഖേദ്ഖര്‍ -ആശംസാ പ്രസംഗം
ജി.എല്‍. മാപറ -ആശംസാ പ്രസംഗം
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മുഖ്യപ്രഭാഷണം ഐ.എന്‍.റ്റി.യു.സിയ്ക്ക് വ്യക്തമായ ദിശാബോധം നല്‍കുന്നതായിരുന്നു.
‘ഇന്ത്യ സ്വതന്ത്രയാകുന്നു. കോണ്‍ഗ്രസ്സ് എല്ലാ വിഭാഗം ജനങ്ങളും ഉള്‍കൊള്ളുന്നതാണ്. ഭരണക്കൂടം എല്ലാവരെയും പ്രതിനിധികരിക്കുന്നു. പണിയെടുക്കുന്നവരും പണിയെടുപ്പിക്കുന്ന സമ്പന്നവര്‍ഗ്ഗവും ഭരണക്കൂടത്തിന് മുന്നില്‍ ഒരു പോലെയാണ്. രാജ്യത്തിനും ഭരണകൂടത്തിനും തൊഴിലാളികളും സമ്പന്നരും വേണം. എന്നാല്‍ സമ്പന്നരുടെ തൊഴിലാളി ചൂഷണം ഒരിക്കലും അനുവദിക്കുവാന്‍ പാടില്ല. അതിനാല്‍ സമ്പന്നര്‍ക്കും ഭരണക്കൂടങ്ങള്‍ക്കും ഇടയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ഒരു പ്രത്യേക ശക്തി ഉണര്‍ന്നു വരണം. അതു തൊഴിലാളികളുടെ മാത്രം ശക്തിയായിരിക്കണം. തൊഴിലാളികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഇത് അനിവാര്യമാണ്. അതിനാല്‍് കോണ്‍ഗ്രസ്സില്‍ നിന്നും വ്യത്യസ്തമായി തീര്‍ത്തും സ്വതന്ത്രനിലപാട് ഐ.എന്‍.റ്റി.യു.സി. സ്വീകരിക്കണം. തൊഴിലാളി താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ഇത് അനിവാര്യമാണ്. ഐ.എന്‍.റ്റി.യു.സി. ഇത്തരത്തില്‍ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ എന്റെ മനസ്സ് നിങ്ങളോടൊപ്പമായിരിക്കും’. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഈ വാക്കുകള്‍ ഇന്നും ഓരോ തൊഴിലാളിയ്ക്കും കോരിത്തരിപ്പിക്കുന്ന ആവേശമാണ്.
ഇതേ നിലപാടാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലും, ജെ.ബി. കൃപലാനിയും ഉള്‍പ്പടെ സ്ഥാപക സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാ പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കളും ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചത്. മഹാത്മാജിയുടെ നിര്‍ദ്ദേശവും ഇതു തന്നെയായിരുന്നു. ഈ നിലപാടിലാണ് ഐ.എന്‍.റ്റി.യു.സി ഇന്നും പ്രവര്‍ത്തിക്കുന്നത്. ഈ വിധത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.എന്‍.റ്റി.യു.സിയെയും തൊഴിലാളികളെയും 1984 വരെ എല്ലാ രംഗത്തും കോണ്‍ഗ്രസ്സ് സജീവമായി അംഗീകരിച്ചിരുന്നു.
സ്വതന്ത്ര ഭാരതത്തിനായുള്ള ഭരണഘടനാ നിര്‍മ്മാണസഭ രൂപീകരിച്ചപ്പോള്‍ തൊഴിലാളി നിലപാടുകള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കാന്‍ അതില്‍ നല്ലൊരു വിഭാഗം അംഗങ്ങള്‍ തൊഴിലാളി പ്രവര്‍ത്തകരും നേതാക്കളുമായിരിക്കാന്‍ കോണ്‍ഗ്രസ്സ് പ്രത്യേകം ശ്രദ്ധിച്ചു. ഭരണഘടനാ നിര്‍മ്മാണ സഭാ അദ്ധ്യക്ഷന്‍ ഡോ: രാജേന്ദ്രപ്രസാദ് ചമ്പാരന്‍ നീലം കര്‍ഷക തൊഴിലാളി സമരത്തിലും അഹമ്മദാബാദിലെ മില്‍ തൊഴിലാളി സമരത്തിലും മറ്റ് എല്ലാ തൊഴിലാളി സമരങ്ങളിലും മഹാത്മജിയോടൊപ്പം പ്രവര്‍ത്തിച്ച തൊഴിലാളി നേതാവായിരുന്നു. ഭരണഘടന ഉപസമിതികളുടെ ചെയര്‍മാന്‍മാരായി നിയമിക്കപ്പെട്ട പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഡോ: ബി.ആര്‍. അബേദ്കര്‍, ജെ.ബി. കൃപലാനി, നരേന്ദ്രകൂമ്മര്‍ മുഖര്‍ജി, ഗോപിനാഥ് ബര്‍ദോളി, എ.വി. താക്കര്‍ എന്നിവര്‍ തൊഴിലാളി നേതാക്കളും തൊഴിലാളി മനസ്സറിഞ്ഞവരുമായിരുന്നു. ഇവരുടെ തൊഴിലാളിപക്ഷ ചിന്തകളും, അഭിപ്രായങ്ങളും ഇന്ത്യന്‍ ഭരണഘടനയില്‍ തെളിഞ്ഞു കാണാം.
പ്രഥമ രാഷ്ട്രപതി ഡോ: രാജേന്ദ്ര പ്രസാദും, പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ഉപപ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലും ശക്തരായ തൊഴിലാളി നേതാക്കളായിരുന്നു. തൊഴിലാളി നേതാവായിരുന്ന വി.വി. ഗിരിയെ രാഷ്ട്രപതിയാക്കിയതിലൂടെയും ഐ.എന്‍.റ്റി.യു.സി. പ്രസിഡന്റായിരുന്ന ഗുല്‍സാരിലാല്‍ നന്ദയെ പ്രധാനമന്ത്രിയാക്കിയതിലൂടെയും ഐ.എന്‍.റ്റി.യു.സി.യുടെയും തൊഴിലാളികളുടെയും ശക്തി കോണ്‍ ഗ്രസ്സ് തിരിച്ചറിഞ്ഞിരുന്നതായി കാണാം. പാര്‍ലമെന്റ് അംഗങ്ങളില്‍ നല്ലൊരു ശതമാനവും സംസ്ഥാന മുഖ്യമന്ത്രിമാരില്‍ പലരും സംസ്ഥാന നിയമസഭാ അംഗങ്ങളില്‍ നിര്‍ണ്ണായക വിഭാഗവും തൊഴിലാളികളും തൊഴിലാളി നേതാക്കളുമായിരുന്നു. കേരളത്തില്‍ ഐ.എന്‍.റ്റി.യു.സി. സ്ഥാപക നേതാവ് കെ. കരുണാകരന്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നു. കേന്ദ്രമന്ത്രിയുമായിരുന്നു. പാര്‍ലമെന്റ് അംഗമായി ബി.കെ. നായരും അംഗീകരിക്കപ്പെട്ടു. കോണ്‍ഗ്രസ്സും ഐ.എന്‍.റ്റി.യു.സി.യും തൊഴിലാളികളും തമ്മിലുള്ള ഈ ബന്ധവും അംഗീകാരവും നിരവധി തൊഴിലാളി സംരക്ഷണ നിയമ നിര്‍മ്മാണങ്ങള്‍ക്ക് വഴിയൊരുക്കി. ഐ.എന്‍.റ്റി.യു.സി.യുടെ കൈയ്യൊപ്പ് പതിയാത്ത ഒരു തൊഴിലാളി നിയമവും ഇന്ത്യയിലില്ല. ഫാബിയന്‍ സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങളിലൂടെ ഒരു യാഥാര്‍ത്ഥ സോഷ്യലിസ്റ്റ് രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുവാനുള്ള പ്രഖ്യാപിതനയം ഐ.എന്‍.റ്റി.യു.സി കോണ്‍ഗ്രസ്സ് ബന്ധത്തിലൂടെ ഉടലെടുത്തതാണ്.
1977 -ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസ്സും ആദ്യമായി തോല്‍ക്കുകയും, ഭരണം നഷ്ടപ്പെടുകയും ചെയ്തപ്പോള്‍ ലോകസഭയിലെ പ്രതിപക്ഷ നേതാവായി ഇന്ദിരാഗാന്ധി നിയോഗിച്ചത് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റായിരുന്ന സി.എം. സ്റ്റീഫനെയാണ്. എല്ലാ രീതിയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റ് ഇല്ലമായി മാറിയിരുന്ന കേരളത്തില്‍ ലോകത്താദ്യമായി ബാലറ്റിലൂടെ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിയമസഭയ്ക്ക് അകത്തും പുറത്തും നേരിടുവാനും ഭരണം പിടിക്കുവാനും കോണ്‍ഗ്രസ്സ് നിയോഗിച്ചത് ഐ.എന്‍.റ്റി.യു.സി. സ്ഥാപക നേതാവായിരുന്ന കെ. കരുണാകരനെയാണ്.
സാങ്കേതികമായി ഇരു സംഘടനകളും വ്യത്യസ്തങ്ങളെങ്കിലും പൊക്കിള്‍ക്കൊടി ബന്ധമാണ് ഐ.എന്‍.റ്റി.യു.സി.യും കോണ്‍ഗ്രസ്സും തമ്മിലുള്ളത്. ആരംഭകാലം മുതല്‍ തുടര്‍ന്നു വരുന്ന ഈ നല്ല ബന്ധം ഇന്നും തുടര്‍ന്ന് പൊതുവിഷയങ്ങളില്‍ എപ്പോഴും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. നിരന്തര അഭിപ്രായ സമന്വയത്തിനായി ഐ.എന്‍.റ്റി.യു.സി. കോണ്‍ഗ്രസ്സ് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു സ്ഥിരം സമിതി മുന്‍ പ്രധാനമന്ത്രി ഗുല്‍സാരി ലാല്‍ നന്ദ കണ്‍വീനറായി 1967 ല്‍ ഇന്ദിരാഗാന്ധിയുടെ കാലത്ത് എ.ഐ.സി.സി. നിയോഗിച്ചിരുന്നു. 2002 ല്‍ ശ്രീ. പ്രണവ് കുമാര്‍ മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഐ.എന്‍.റ്റി.യു.സി.- കോണ്‍ഗ്രസ്സ് ബന്ധം ശക്തമാക്കാന്‍ ഒരു അഞ്ചംഗ ഉപദേശകസമിതിയെ ശ്രീമതി. സോണിയാഗാന്ധിയും നിയോഗിച്ചു. ഐ.എന്‍.റ്റി.യു.സി. പ്രസിഡന്റിനെ കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റി പ്രത്യേക ക്ഷണിതാവായി നിയോഗിച്ചതും ഐ.എന്‍.റ്റി.യു.സി. കോണ്‍ഗ്രസ്സ് ബന്ധത്തിന്റെ വ്യക്തത തെളിയിക്കുന്നു.
വസ്തുതകള്‍ ഇതായിരിക്കെ മാര്‍ക്കറ്റ് എക്കോണമിയുടെയും ആഗോളവല്‍ക്കരണത്തിന്റെയും പിടിയിലമര്‍ന്ന ആധുനിക ലോകത്ത് ‘പൂച്ച കറുത്തതോ വെളുത്തതോ എന്ന് നോക്കാതെ എലിയെ പിടിക്കുന്നോയെന്ന് നോക്കിയാല്‍ മതി’ എന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവ് ടെന്‍പിയാവോ സിംഗിന്റെ സാമ്പത്തിക നയവ്യതിയാനവും പോളന്റില്‍ നിന്ന് ആരംഭിച്ച് സോവിയറ്റ് യൂണിയനില്‍ എത്തിയ കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയും പുത്തന്‍ ലോകസാമ്പത്തിക രംഗം സൃഷ്ടിച്ച ഇന്ത്യയുടെ ബാലന്‍സ് ഓഫ് പെയ്‌മെന്റ് വിഷയവും കോണ്‍ഗ്രസ്സിന്റെ സാമ്പത്തിക വ്യവസായ നയങ്ങളില്‍ മാറ്റങ്ങള്‍ക്ക് ഇടവരുത്തി. തൊഴിലാളികളെയും ഐ.എന്‍.റ്റി.യു.സിയെയും പാര്‍ശ്വവല്‍കരിക്കുന്ന നിലയിലേ യ്ക്ക് കോണ്‍ഗ്രസ്സ് നേതാക്കളില്‍ ചിലര്‍ എത്തി. ഈ നയവ്യതിയാനം സൃഷ്ടിച്ച ആശയസംവാദം ഐ.എന്‍.റ്റി.യു.സി.യും കോണ്‍ഗ്രസ്സും തമ്മില്‍ ഇന്നും നിലനില്‍ക്കുന്നു.
രാജ്യം വര്‍ഗ്ഗീയ ഫാസിസ്റ്റ് ദുര്‍ഭരണത്തിന് കീഴില്‍ അമരുകയും തൊഴിലാളികള്‍ അടിച്ചമര്‍ത്തപ്പെടുന്നവരും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുമായി മാറുന്നു. പട്ടിണിയും ദാരിദ്ര്യവും കടബാധ്യതകളും തൊഴിലില്ലായ്മയും വിലക്കയറ്റവും ചൂഷണവും തൊഴിലാളികളെ ദുരിതത്തിലാക്കിയിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും സാമ്പത്തിക-വ്യവസായിക വിദേശനയങ്ങളിലൂടെ തൊഴിലാളികളെയും പാവപ്പെട്ടവരെയും രക്ഷിക്കാന്‍ കോണ്‍ഗ്രസ്സും ഐ.എന്‍.റ്റി.യു.സി.യും ഒരേമനസ്സോടെ മുന്നേറണം.