1770 ല്‍ ബ്രിട്ടണിലും 1817 ല്‍ ഇന്ത്യയിലും ആരംഭിച്ച വ്യവസായ വിപ്ലവത്തിന്‍റെ അലയടികള്‍ ഇതേ കാലഘട്ടത്തില്‍ കേരളത്തിലേയ്ക്കും വ്യാപിച്ചു. ഇംഗ്ലീഷ് വ്യവസായി ജെയിംസ് ഡ്രാഗ് 1858 – ല്‍ ഡ്രാഗ്സ്മെയില്‍ ആന്‍റ് കമ്പനി എന്ന കയര്‍ ഫാക്ടറി ആലപ്പുഴയില്‍ ആരംഭിച്ചതോട് കൂടി കേരളത്തിലും വ്യവസായ വിപ്ലവത്തിന് തുടക്കമായി. ഇതിന് പിന്നാലെ മറ്റ് നിരവധി വിദേശ – സ്വദേശ ഫാക്ടറികളും ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചു.
ഈ ഫാക്ടറികളില്‍ തൊഴിലാളികളെ നിയമിക്കാനും ജോലി ചെയ്യിക്കാനും ശമ്പളം നല്‍കാനും പൂര്‍ണ്ണ അധികാരം മൂപ്പന്‍മാര്‍ക്കായിരുന്നു. മാനേജ്മെന്‍റുകളും മൂപ്പന്‍മാരും തൊഴിലാളികളെ എല്ലാവിധത്തിലും ചൂഷണം ചെയ്തു വന്നു. മനുഷ്യത്വരഹിതവും ക്രൂരവുമായി ഇവര്‍ തൊഴിലാളികളോട് പെരുമാറി. ബാലവേലയും സ്ത്രീപീഢനങ്ങളും വ്യാപകമായിരുന്നു. തൊഴിലാളികളുടെ തുച്ഛമായ കൂലിയില്‍ നിന്നും മൂപ്പന്‍പണം എന്ന രീതിയില്‍ നിശ്ചിത തുക ഇവര്‍ ഈടാക്കിയിരുന്നു.
ഈ കാലയളവില്‍ എംമ്പയര്‍ കയര്‍ വര്‍ക്ക്സ് കമ്പനിയില്‍ വാടപ്പുറം പി. കെ. ബാവ മൂപ്പനായി നിയമിക്കപ്പെട്ടു. ശ്രീനാരായണ ഗുരുവിന്‍റെ ആശയാദര്‍ശങ്ങളില്‍ ആകൃഷ്ടനും മനുഷ്യ സ്നേഹിയുമായിരുന്നു ബാവ. പൊതുവില്‍ തൊഴിലാളികളുടെ തൊഴില്‍ ജീവിത കഷ്ടപ്പാടുകള്‍ മനസ്സിലാക്കിയ അദ്ദേഹം ട്രേഡ് യൂണിയന്‍ രൂപീകരണ ആശയം സഹപ്രവര്‍ത്തകരുമായി പങ്കു വച്ചു. 1922 മാര്‍ച്ച് 31 ന് അഡ്വ. പി.ബി. മുഹമ്മദിന്‍റെ അദ്ധ്യക്ഷതയില്‍ ആദ്യ തൊഴിലാളി യോഗം ചേര്‍ന്ന് ലേബര്‍ യൂണിയന്‍ എന്ന സംഘടന രൂപീകരിച്ചു. റ്റി. സി. കേശ വന്‍ വൈദ്യന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ കേരളത്തിലെ ആദ്യ ട്രേഡ് യൂണിയന്‍ ആലപ്പുഴയില്‍ പിറവി എടുത്തു.
തിരുവിതാംകൂര്‍ മുഴുവനായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ച ഈ യൂണിയന്‍ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ എന്ന് പേരുമാറ്റി. കയര്‍ ഫാക്ടറികളിലെ തൊഴിലാളികളാണ് ഈ യൂണിയനിലെ അംഗങ്ങള്‍ എന്നതിനാല്‍ തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ എന്ന പേരിലായി പിന്നീട് ഈ സംഘടന. ഈ യൂണിയന്‍ ആലപ്പുഴയിലും ചേര്‍ത്തലയിലും സജീവമായി പ്രവര്‍ത്തനം വ്യാപിപ്പിച്ചു.
ഉല്‍പാദനം വര്‍ദ്ധിക്കുകയും, വരവില്‍ കവിഞ്ഞ ലാഭം നേടിയിട്ടും തൊഴിലാളികള്‍ക്ക് ന്യായമായ യാതൊരു ആനുകൂല്യ ങ്ങളും മുതലാളിമാര്‍ നല്‍കിയില്ല. തീര്‍ത്തും അസംതൃപ്തരായ തൊഴിലാളികള്‍ ഈ യൂണിയന്‍റെ നേതൃത്വത്തില്‍ 1934 – ല്‍ ഫാക്ടറികളിലാകെ പൊതുപണി മുടക്ക് പ്രഖ്യാപിച്ചു.
വേതനം വര്‍ദ്ധിപ്പിക്കുക, സേവന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കുക, മിനിമം വേതനം ഉറപ്പു വരുത്തുക, കോണ്‍ട്രാക്ട് ലേബര്‍ സിസ്റ്റം നിരോധിക്കുക, അന്യായമായ വേതനം കുറവ് ചെയ്യല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്. മുതലാളി തൊഴിലാളി തര്‍ക്കത്തിന്‍റെ പേരില്‍ നടന്ന ശക്തമായ ഈ പണിമുടക്ക് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ വന്നു. നേരിട്ട് പ്രശ്നത്തില്‍ ഇടപ്പെട്ട ദിവാന്‍ മുഹമ്മദ് ഹബീബുള്ള വിഷയം പരിഹരിക്കാന്‍ ഒരു കൂടിയാലോചന സമിതിയെ (Board of Conciliation) നിയമിച്ചു. സമരം പിന്‍വലിക്കപ്പെട്ടു. എന്നാല്‍ കൂടിയാലോചന സമിതിയിലൂടെ ചര്‍ച്ച ചെയ്ത് തീരുമാനിക്കപ്പെട്ട കാര്യങ്ങള്‍ നടപ്പിലാക്കാന്‍ പല മുതലാളിമാരും മൂപ്പന്‍മാരും കമ്പനി നടത്തിപ്പുക്കാരും തയ്യാറായില്ല. തൊഴിലാളികളുടെ ജീവിതം ദിനംപ്രതി ദുരിത പൂര്‍ണ്ണമായി. ഇതില്‍ പ്രതിഷേധിച്ച് 1938 ല്‍ ശക്തമായ തൊഴിലാളി പ്രക്ഷോഭത്തിന് കയര്‍ വ്യവസായ രംഗം വേദിയായി. സമരത്തെ നേരിട്ട പോലീസ് മര്‍ദ്ദനപരമ്പര അഴിച്ചുവിട്ടു. പല സ്ഥലത്തും മൃഗീയമായ ലാത്തിചാര്‍ജ്ജുകള്‍ നടന്നു. ഇങ്ങനെ നടന്ന ലാത്തിചാര്‍ജ്ജില്‍ മര്‍ദ്ദനമേറ്റ് കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്‍റെ സ്ഥാപക പിതാവ് വാടപ്പുറം ബാവ മരണപ്പെട്ടു. തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ കേരളത്തിലെ ആദ്യ ധീരരക്തസാക്ഷിയായി ഇദ്ദേഹം ഇന്നും ഓര്‍മ്മിക്കപ്പെടുന്നു.
ബാവയുടെ മരണത്തിലൂടെ സ്ഥിതിഗതികള്‍ വളരെ സ്ഫോടനാത്മകമായി. സമരങ്ങളും പ്രകടനങ്ങളും യോഗങ്ങളും സര്‍ക്കാര്‍ നിരോധിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസ്സ് ഈ തൊഴിലാളി സമരത്തെ പൂര്‍ണ്ണമായി പിന്‍തുണച്ചിരുന്നു. എന്നാല്‍ തൊഴിലാളി താല്‍പര്യങ്ങളെക്കാള്‍ ഉപരിയായി കമ്മ്യൂണിസ്റ്റ് ആശയഗതിക്കാരായ ചിലര്‍ രാഷ്ട്രീയ സമര പ്രചരണങ്ങള്‍ക്കായി സംഘടനയെ ഉപയോഗിച്ചപ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തു. അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരുവിതാംകൂറില്‍ രൂപീകരിക്കപ്പെട്ടിരുന്നില്ല. 1940 ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ രൂപീകരിക്കപ്പെട്ടത്.
1939 ലെ രാം ലോകമഹായുദ്ധ ആരംഭത്തില്‍ ജര്‍മ്മനിയിലെ ഫാസിസ്റ്റ് ഹിറ്റ്ലറും റഷ്യയിലെ കമ്മ്യൂണിസ്റ്റ് സ്റ്റാലിനും തമ്മില്‍ ഇംഗ്ലണ്ടിനെതിരെ യോജിച്ച യൂദ്ധം നയിച്ചു. എന്നാല്‍ ഈ ധാരണ ലംഘിച്ച് ഹിറ്റ്ലര്‍ റഷ്യയോട് യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ്
സ്റ്റാലിനും ഇംഗ്ലണ്ടും തമ്മില്‍ 1941 മുതല്‍ പരസ്പര ധാരണയിലായി ഒരുമിച്ച് ഹിറ്റ്ലറോട് യുദ്ധം ചെയ്യാന്‍ ആരംഭിച്ചു. ഈ സന്ദര്‍ഭത്തില്‍ ഇംഗ്ലണ്ടിനെതിരായി ഇന്ത്യയില്‍ യാതൊരു സമരവും പാടില്ലായെന്ന നിര്‍ദ്ദേശം റഷ്യയില്‍ നിന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്കാര്‍ ലഭിച്ചു.
ഈ നിര്‍ദ്ദേശപ്രകാരം 1942 -മുതല്‍ ഗാന്ധിജിയും കോണ്‍ഗ്രസ്സും ആരംഭിച്ച ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ബ്രിട്ടീഷ് ഭരണത്തിന് അനുകൂലമായ നിലപാട് റഷ്യന്‍ നിര്‍ദ്ദേശപ്രകാരം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ സ്വീകരിച്ചു. ഇത് അനുസരിച്ച് പണിമുടക്കുകളും പ്രക്ഷോഭങ്ങളും ഒഴിവാക്കണമെന്ന് ചില കമ്മ്യൂണിസ്റ്റ് ആശയക്കാര്‍ തീരുമാനിച്ചപ്പോള്‍ സംഘടനയ്ക്കുള്ളില്‍ പ്രതിഷേധം രൂക്ഷമായി.
ഇതെല്ലാം കേട്ടറിഞ്ഞ തൊഴിലാളികള്‍ 1948 – ല്‍ കേരള ട്രേഡ് യൂണിയന്‍ എന്ന പേരില്‍ സംഘടന രൂപീകരിച്ച് കെ. കരുണാകരന്‍റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങി. കാര്‍ഷിക, പ്ലാന്‍റേഷന്‍, ടെക്സ്റ്റെല്‍, ബീഡി, കള്ളു ചെത്ത്,
കൈത്തറി, കാഷ്യു, ഇഷ്ടിക, ഓട് മേഖലകളിലും മറ്റ് വാണിജ്യ വ്യവസായ രംഗങ്ങളിലും ഈ യൂണിയന്‍ സജീവ സാന്നിധ്യമായി. ദേശീയതലത്തില്‍ ഐ.എന്‍. റ്റി.യു.സി രൂപീകരിക്കപ്പെടുകയും ബി.കെ. നായരെ കേരളത്തില്‍ ഐ.എന്‍.റ്റി.യു.സി. പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ നിയോഗിക്കുകയും ചെയ്തതോട് കൂടി കെ. കരുണാകരനും, ബി. കെ. നായരും
യോജിച്ച് നടത്തിയ പ്രവര്‍ത്തനം ഐ.എന്‍.റ്റി.യു.സി.യ്ക്ക് കേരളത്തില്‍ അടിത്തറയിട്ടു.
1963 വരെ ഇവര്‍ രുപേരും ആയിരുന്നു കേരളത്തിലെ ഐഎന്‍.റ്റി. യു. സി.യുടെ പ്രമുഖ നേതാക്കള്‍. കെ. കരുണാകരന്‍ നിയമസഭാ അംഗവും, പ്രതിപക്ഷ നേതാവും മുഖ്യ മന്ത്രിയും രാജ്യസഭാ മെമ്പറും ലോകസഭാ മെമ്പറും കേന്ദ്ര കാബിനറ്റ് മന്ത്രിയും ഇന്ത്യന്‍
രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനുമായി മാറി. 1948 ല്‍ ആരംഭിച്ച ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ ലഭിച്ച അറിവുകളാണ് രാഷ്ട്രീയ രംഗത്തെ തന്‍റെ എല്ലാ ഉന്നതിയ്ക്കും കാരണമെന്ന് പല പ്രാവശ്യം കെ. കരുണാകരന്‍ പരസ്യമായി പറഞ്ഞിരുന്നു.
ബി. കെ. നായര്‍ 1980 ല്‍ കൊല്ലത്തു നിന്നും 1997 – ല്‍ മാവേലിക്കരയില്‍ നിന്നും ലോക്സഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്ക് പിന്നാലെ ഐ.എന്‍.റ്റി.യു.സി. നേതൃത്വത്തിലേയ്ക്ക് വന്ന സി.എം. സ്റ്റീഫന്‍, ലോക്സഭാ അംഗവും ലോക്സഭാ പ്രതിപക്ഷനേതാവും കേന്ദ്ര കാബിനറ്റ് മന്ത്രിയുമായി. തൊഴിലാളികളും ഐ.എന്‍.റ്റി.യു.സി.യും കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന് സംഭാവന ചെയ്തവരായിരുന്നു ഇവര്‍. ഇവരെ പോലുള്ളവര്‍ രാഷ്ട്രീയ അധികാര കേന്ദ്രങ്ങളില്‍ എത്തിയപ്പോള്‍ നേടിയ നേട്ടങ്ങള്‍ ഇന്നും തൊഴിലാളികള്‍ക്ക് മുന്നില്‍ ജ്വലിച്ച് നില്‍ക്കുന്നു.
കെ. കരുണാകരനെയും ബി.കെ. നായരെയും സി.എം. സ്റ്റീഫനെയും പോലെ പല തൊഴിലാളി നേതാക്കളും പ്രശോഭിതരായി ഐ. എന്‍.റ്റി.യു.സി.യിലൂടെ രാഷ്ട്രീയ രംഗത്ത് കടന്നു വന്നെങ്കിലും വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളുടെ കോണ്‍ഗ്രസ്സിലെ തള്ളിക്കയറ്റവും പിടിച്ചടക്കലും മൂലം തൊഴിലാളികളും ഐ.എന്‍.റ്റി.യു.സി. യും കോണ്‍ഗ്രസ്സില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു.
1956 – ല്‍ കേരള സംസ്ഥാനം രൂപീകൃതമായതിനെ തുടര്‍ന്ന് 1957 – ല്‍ ബാല റ്റിലൂടെ കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിതമായപ്പോള്‍ തൊഴിലാളി വര്‍ഗ്ഗ സംഘടിത ശക്തിയുടെ നേട്ടം ഇടതുപക്ഷം തിരിച്ചറിഞ്ഞു. 1969 -ല്‍ കെ. കരുണാകരന്‍ കേരളത്തില്‍ ഭരണത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയവും തൊഴിലാളികളുടെ ശക്തി മനസ്സിലാക്കി. തുടര്‍ന്ന് ഇടതുപക്ഷവും വലതുപക്ഷവും മാറി മാറി സംസ്ഥാനം ഭരിച്ചെങ്കില്‍ പിന്നീട് അത് എല്‍. ഡി. എഫും യു.ഡി.എഫുമായി മാറി.
ലോക സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനപരമായ മാറ്റത്തിന്‍റെ ചുവടു പിടിച്ച് 1991 മുതല്‍ നടന്ന ആഗോളവല്‍ക്കരണത്തിന്‍റെയും സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്‍റെയും പിടിയില്‍ രാജ്യവും സംസ്ഥാനവും അമര്‍ന്നപ്പോള്‍ വികസനത്തിന്‍റെയും സമഗ്രവികസനത്തിന്‍റെയും വാഗ്വാദങ്ങളിലേയ്ക്ക് രാഷ്ട്രീയവും ഭരണകൂടവും പൊതുസമൂഹത്തെ നയിച്ചു. പൊതുസമൂഹം എന്ന പേരു പറഞ്ഞ് തൊഴിലാളികളും ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളും വിചാരണ ചെയ്യപ്പെട്ടു. എന്നാല്‍ ഇത്തരത്തില്‍ തൊഴിലാളികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുമ്പോള്‍ കേരളത്തില്‍ 2021 ലെ കണക്കുകള്‍ പ്രകാരം 275 ലക്ഷം വോട്ടര്‍മാരില്‍ 175 ലക്ഷവും പണിയെടുത്ത് ജീവിക്കുന്ന തൊഴിലാളികളാണെന്ന വസ്തുത വിസ്മരിക്കപ്പെടുന്നു.
മനുഷ്യ ജീവിതത്തിന്‍റെ സാമ്പത്തിക സാമൂഹ്യനിയന്ത്രണം ഭൂമി, തൊഴിലാളി, മൂലധനം (Land, Labour, Capital) എന്നീ മൂന്ന് പ്രധാന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. തൊഴിലാളികളുടെ അദ്ധ്വാനത്തിന്‍റെ ഫലമാണ് ലോകത്തിന്‍റെയും ഏതൊരു രാജ്യത്തിന്‍റെയും ആഭ്യന്തര ഉല്‍പാദനം അഥവാ GDP (GROSS DOMESTIC PRODUCTS). ഈ ആഭ്യന്തര ഉല്‍പാദനത്തിന്‍റെ ഉയര്‍ച്ച താഴ്ചകളാണ് ലോക സാമ്പത്തിക രംഗം നിയന്ത്രിക്കുന്നത്. ആയതിനാല്‍ ലോകനിലനില്‍പ്പിന് തന്നെ പ്രധാനമായി പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് ഭരണഘടന അനുശാസിക്കുംവിധം ന്യായമായ ജീവിത സാഹചര്യവും തങ്ങളുടെ ശക്തിയ്ക്ക് ആനുപാതികമായ അംഗീകാരവും നിയമനിര്‍മ്മാണ ഭരണകൂടങ്ങളിലെ പ്രാതിനിധ്യവും ലഭിക്കുക എന്നത് തീര്‍ത്തും ന്യായമാണ്.
തൊഴിലാളികള്‍ സംഘടിതരാകാതിരിക്കാനുള്ള ഭിന്നിപ്പിക്കല്‍ തന്ത്രങ്ങള്‍ രാഷ്ട്രീയവും മതപരവും സാമൂഹ്യവും സാമ്പത്തികവുമായി തൊഴിലാളി വിരുദ്ധശക്തികള്‍ നടത്തുന്നു. ഒളിഞ്ഞും തെളിഞ്ഞും സമ്പന്ന ശക്തികള്‍ ഭരണകൂട നീതിന്യായ പത്ര – ദൃശ്യ മാധ്യമങ്ങളെ വരുതിയിലാക്കി രംഗത്ത് വരുമ്പോള്‍ മഹാത്മജി പറഞ്ഞതു പോലെ അത് ആനപ്പട്ടാളം ഉറുമ്പിന്‍ പട്ടാളത്തിനോട് യുദ്ധം ചെയ്യുന്നതിന് സമാനമാണ്.
ഇവിടെ സമ്പന്നന്‍മാരും വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലൂടെ നിയമനിര്‍മ്മാണ വേദികളും ഭരണകൂടവും കൈയ്യടക്കിയിരിക്കുന്നു. തൊഴിലാളി ശബ്ദം ഈ രംഗത്ത് ഇല്ലാതായിരിക്കുന്നു. ലോകത്തിലെ മറ്റ് വികസിത – വികസ്വര രാജ്യങ്ങളിലെല്ലാം തൊഴിലാളികള്‍ക്കും തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം നിയമനിര്‍മ്മാണ സഭകളിലും ഭരണകൂടത്തിലും ലഭിക്കുമ്പോള്‍ ഇവിടെ പൂര്‍ണ്ണമായും അവഗണിക്കപ്പെടുന്നു.
ഇന്നിപ്പോള്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കപ്പെടുന്നില്ല. തൊഴിലാളി – തൊഴിലുടമ – സര്‍ക്കാര്‍ ത്രിതല സമിതി തീരുമാനിക്കുന്ന മിനിമം വേതനം പോലും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. വ്യവസ്ഥാപിതമല്ലാതെ അടച്ചു പൂട്ടലും തൊഴില്‍ നിഷേധവും
വ്യാപകമായിരിക്കുന്നു. തൊഴില്‍ വകുപ്പിന്‍റെ പ്രവര്‍ത്തനം നിര്‍ജ്ജീവമായിരിക്കുന്നു. തൊഴില്‍ നിയമങ്ങള്‍ രാഷ്ട്രീയക്കാര്‍ക്ക് പ്രസംഗിക്കുവാനും ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടാനുസരണം വ്യാഖ്യാനിക്കാനും വക്കീലന്മാര്‍ക്ക് വാദിക്കുവാനും മാത്രമായി മാറിയിരിക്കുന്നു.
തൊഴിലാളികള്‍ക്ക് നിയമ പരിരക്ഷ ഒരു രംഗത്തും ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഒരു തൊഴിലാളി സംരക്ഷണ നവോത്ഥാന മുന്നേറ്റം തൊഴില്‍ മേഖലയില്‍ ഇന്ന് അനിവാര്യമായിരിക്കുന്നു.