WORLD TRADE UNION

ലോക ട്രേഡ് യൂണിയന്‍ ആവിര്‍ഭാവം

ഭൂമിയിലെ മനുഷ്യരാശി പ്രധാനമായും പണിയെടുക്കുന്നവര്‍, പണിയെടുപ്പിക്കുന്നവര്‍, ഭരിക്കുന്നവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു.

 

ഭരിക്കുന്നവര്‍ ഗോത്രതലവന്‍മാരോ രാജാക്കന്മാരോ ചക്രവര്‍ത്തിമാരോ, ഏകാധിപതികളോ, പട്ടാളമേധാവികളോ, ജനാധിപത്യ ഭരണാധികാരികളോ ആരായിരുന്നാലും തങ്ങളുടെ അധികാരം ഏതു വിധേനയും നില നിര്‍ത്തുക എന്നതാണ് അവരുടെ പരമമായ
ലക്ഷ്യം. ഇതില്‍ പൊതു നീതിയ്ക്കും ന്യായങ്ങള്‍ക്കും യാതൊരു പ്രസക്തിയുമില്ല. മറിച്ച് അവരുടെ മാത്രമായ നീതി ന്യായ ശാസ്ത്രം അവര്‍ നടപ്പാക്കുന്നു.

 

പണിയെടുപ്പിക്കുന്നവര്‍ ഭരണതല ഉദ്യോഗസ്ഥരും, ജന്മിമാരും, വ്യവസായ – വാണിജ്യ മേഖലകളുടെ ഉടമസ്ഥരും അവരുടെ നടത്തിപ്പുക്കാരുമാണ്. ഭരിക്കുന്നവര്‍ ആരായിരുന്നാലും അവരെ പ്രീതിപ്പെടുത്തി തങ്ങളുടെ സ്വാധീനം നില നിര്‍ത്തുകയും ധനവും
സമ്പത്തും വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ എപ്പോഴത്തേയും ചിന്ത. അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തുന്നു. ഈ പ്രവര്‍ത്തനങ്ങളില്‍ മനുഷത്വത്തിനും സാമൂഹ്യ നീതിയ്ക്കും സ്ഥാനമില്ല.

 

പണിയെടുക്കുന്നവര്‍ ഭരിക്കുന്നവര്‍ക്കും,പണിയെടുപ്പിക്കുന്നവര്‍ക്കുമായി തങ്ങളുടെ ശാരീരികവും ബൗദ്ധികവുമായ അദ്ധ്വാനത്തെ നല്‍കി ആഹാരാദി ഉപജീവനം സാധിതമാക്കുന്നു. മനുഷ്യസ്നേഹത്തിലും സാമൂഹ്യബന്ധത്തിലും പരസ്പര സഹായത്തിലും അധിഷ്ഠിതമാണ് പണിയെടുക്കുന്നവരുടെ മനസ്സ്. പണിയെടുക്കുന്നവര്‍ ഖനന, കാര്‍ഷിക, മത്സ്യ, വ്യവസായിക, വാണിജ്യ, സേവന മേഖലകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ലോക മനുഷ്യരാശിയുടെ എല്ലാ ഗതിവിഗതികളെയും നിയന്ത്രിക്കുന്നു. പൊതുവായ പുരോഗതിയിലേയ്ക്ക് സമൂഹത്തെ നയിക്കുന്നു.

 

ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ശാസ്ത്ര വികസനം ഭരണ സംവിധാനം, ഭരണക്കൂടം എന്നിവ ഓരോ മനുഷ്യനും അനുഭവേദ്യമാക്കി നേട്ടങ്ങള്‍ കൈയ്യടക്കാന്‍ പണിയെടുക്കുന്നവരുടെ അദ്ധ്വാനത്തെയും അതിന്‍റെ അളവിനെയും ഭരിക്കുന്നവരും, പണിയെടുപ്പിക്കുന്നവരും ആശ്രയിക്കുന്നു. പണിയെടുക്കുന്നവരുടെ ഈ അദ്ധ്വാനത്തിന്‍റെ അളവാണ് ആഭ്യന്തര ഉല്‍പാദനം അഥവ GDP (Gross Domestic Products).

 

ട്രേഡ് യൂണിയനുകളുടെ ആരംഭകാലത്തും അതിനു മുമ്പും പണിയെടുക്കുന്ന വരുടെ വിളിപ്പേര് അടിമ എന്നായിരുന്നു. ഓടിപോകാതിരിക്കാന്‍ മൃഗങ്ങള്‍ക്ക് തുല്യമായി കൈയ്യും കാലും ചങ്ങലയില്‍ ബന്ധിക്കുക പോലും ചെയ്തിരുന്നു. ബി. സി. 1152 നവംബര്‍ 14 ന് ഈജിപ്തിലെ കരകൗശല തൊഴിലാളികള്‍ നടത്തിയ പണിമുടക്കാണ് ലോകത്തിലെ ആദ്യ സംഘടിത സമരമെന്ന്
ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കൂലിയ്ക്കു വേണ്ടി നടത്തിയ ഈ സമരം അന്ന് വിജയിച്ചു. ഇതിന് പിന്നാലെ പല രാജ്യങ്ങളില്‍ പല മേഖലകളിലായി തൊഴിലാളി പണിമുടക്കുകളും പ്രക്ഷോഭങ്ങളും ഏറെയുണ്ടായി. ഇവയില്‍ ബഹുഭൂരിപക്ഷവും കൊല്ലും കൊലയും നടത്തി അടിച്ചമര്‍ത്തപ്പെട്ടു. നൂറ്റാണ്ടുകളുടെ കിരാതവും മൃഗീയവുമായ തേര്‍വാഴ്ചകളാണ് പണിയെടുക്കുന്നവരുടെ മേല്‍
പണിയെടുപ്പിക്കുന്നവരും ഭരിക്കുന്നവരും നടത്തിയത്. നവോത്ഥാന നായകര്‍ക്കും വിപ്ലവ നേതാക്കള്‍ക്കും ജീവന്‍ ഹോമിക്കേണ്ടി വന്നു എന്നതൊഴിച്ചാല്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും ഉണ്ടായില്ല.

 

എന്നാല്‍ ആഡംബര സൗഭാഗ്യത്തിനായി ഭൂമിക്കടിയിലെ വസ്തുക്കള്‍ ഖനനം ചെയ്യാനും സ്വര്‍ണ്ണവും രത്നങ്ങളും മുത്തുകളും ശേഖരിക്കാനും പണിയെടുക്കുന്ന മനുഷ്യ ജീവികളെ ഭരിക്കുന്നവരും പണിയെടുപ്പിക്കുന്നവരും യഥേഷ്ടം ഉപയോഗിച്ചു. ലോകമഹാ അത്ഭുതങ്ങളായി ഈ ആധുനിക കാലഘട്ടത്തില്‍ പോലും നിലകൊള്ളുന്ന മഹാസൗധങ്ങള്‍ പണിയെടുക്കുന്നവരുടെ അദ്ധ്വാനത്തിന്‍റെ നേര്‍കാഴ്ചകളാണ്.

 

ബി. സി. 2560 ല്‍ നിര്‍മ്മിച്ച ഈജിപ്റ്റിലെ ഗിസ പിരമിഡുകളും, ബി.സി. 600 ല്‍ നിര്‍മ്മിച്ച ജോര്‍ദ്ദാനിലെ 264 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പെട്ര നഗരവും, ബി.സി. 220 ല്‍ പൂര്‍ത്തീകരിച്ച 21196 കിലോമീറ്റര്‍ നീളമുള്ള ചൈനീസ് വന്‍മതിലും, 2000
വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ഇറ്റലിയിലെ കോളോസിയം സ്റ്റേഡിയവും, 998 ല്‍ പൂര്‍ത്തീകരിച്ച മെക്സികോയിലെ ചീച്ചന്‍ ഈറ്റ്സ ക്ഷേത്രവും, 1460 ല്‍ നിര്‍മ്മിച്ച 8000 അടി ഉയരത്തിലുള്ള പെറുവിലെ മച്ചുപിച്ചു പട്ടണവും, 1648 ല്‍ നിര്‍മ്മിച്ച ഇന്ത്യയിലെ താജ്മഹലും,
1931 ല്‍ പൂര്‍ത്തീകിച്ച 635 ടണ്‍ ഭാരവുമായി 2300 അടി ഉയരത്തില്‍ ബ്രസീലില്‍ സ്ഥാപിച്ചിരിക്കുന്ന ക്രിസ്തുവിന്‍റെ പ്രതിമയും ഉള്‍പ്പെടുന്ന ഒന്‍പത് ലോകമഹാ അത്ഭുതങ്ങള്‍ തൊഴിലാളികളുടെ രക്തം വിയര്‍പ്പാക്കിയ നിത്യസ്മാരകങ്ങളാണ്.

 

മരപ്പണിക്കാരനായിരുന്ന ഹാര്‍ഗ്രീവ്സ് 1764 ല്‍ വീവിംഗ് മിഷീനും, തലമുടിവെട്ടുകാരനായിരുന്ന റിച്ചാര്‍ഡ് ആര്‍ക്ക്റൈറ്റ് 1769 ല്‍ സ്പിന്നിംഗ് മിഷീനും നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിച്ചതോട് കൂടി ലോകം വ്യവസായ വിപ്ലവത്തിലേയ്ക്ക് കുതിച്ചു. അതിന്‍റെ ഭാഗമായി നിരവധി വ്യവസായശാലകള്‍ക്ക് തുടക്കമായി. ബ്രിട്ടണില്‍ ആരംഭിച്ച ഈ വ്യവസായ മുന്നേറ്റം മറ്റ് രാജ്യങ്ങളിലും പ്രത്യേകിച്ച് തങ്ങളുടെ കോളനി രാജ്യങ്ങളിലും വളരെ വേഗം വ്യാപിച്ചു. ഈ സാഹചര്യത്തില്‍ പണിയെടുക്കുന്നവര്‍ കൂട്ടമായി ഒരു പ്രത്യേക സ്ഥലത്ത് സ്ഥിരമായി ജോലി ചെയ്യുന്ന അവസ്ഥ സംജാതമായി. ഈ സ്ഥിതി ദേശീയ-അന്തര്‍ദേശീയ അടിമ വ്യാപാരത്തിന് വഴി തുറന്നു. കന്നുകാലി ചന്തകള്‍ക്ക് സമാനമായ രീതിയില്‍ മനുഷ്യ അടിമ ചന്തകള്‍ പ്രചാരത്തിലായി. സ്ത്രീകളും കുട്ടികളും ഈ ചന്തകളില്‍ പ്രത്യേകം തരംതിരിക്കപ്പെട്ടിരുന്നു.

 

ഈ സന്ദര്‍ഭത്തില്‍ ബ്രിട്ടീഷ് ഭരണക്കൂട നടപടികള്‍ക്കെതിരെ തങ്ങളുടെ കോളനി രാജ്യമായ അമേരിക്കയില്‍ 1773 ഡിസംബര്‍ 16 ന് തുറമുഖ തൊഴിലാളികള്‍ നടത്തിയ ബോസ്റ്റണ്‍ ടീ പാര്‍ട്ടി പ്രക്ഷോഭവും തുടര്‍ന്ന് 10 വര്‍ഷം നടത്തിയ സമരപ്രക്ഷോഭങ്ങളും, 1783 ലെ അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പ്രേരകശക്തിയായി. ബ്രിട്ടന്‍റെ ഈ കീഴടങ്ങല്‍ പണിയെടുക്കുന്നവര്‍ക്ക് ആവേശമായി. ഇതിനു പിന്നാലെ സ്വാതന്ത്ര്യവും – സമത്വവും – സഹോദര്യവും മുന്‍നിര്‍ത്തി 1789 ല്‍ നടന്ന ഫ്രഞ്ചു വിപ്ലവവും അതില്‍ നിന്നും ആര്‍ജ്ജിച്ച സമരാവേശവും പല രാജ്യങ്ങളിലും അടിമത്വ വിരുദ്ധ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന് വഴി തുറന്നു. ശബ്ദിക്കാനും നേടാനും കഴിയുമെന്ന വിശ്വാസം ഈ സംഭവങ്ങളിലൂടെ പണിയെടുക്കുന്നവര്‍ക്ക് പ്രചോദനമായി.

 

എന്നാല്‍ സ്ഥായിയായ ഒരു സംഘടിതശക്തിയായി മാറുവാന്‍ പണിയെടുക്കുന്നവര്‍ക്ക് കഴിഞ്ഞില്ല. ഈ സന്ദര്‍ഭത്തില്‍ അയര്‍ലന്‍റില്‍ നിന്നും 10-ാം വയസ്സില്‍ ബാല അടിമയായി ബ്രിട്ടണിലെ ഒരു തുണിമില്ലില്‍ ജോലിക്കെത്തിയ ജോണ്‍ ഡോഹെര്‍ട്ടി തന്‍റെ 30-ാം വയസ്സില്‍ 1830 ല്‍ രൂപം കൊടുത്ത നാഷണല്‍ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ലേബര്‍ എന്ന ട്രേഡ് യൂണിയന്‍ ലോക തൊഴിലാളി സംഘടിത ശക്തിയ്ക്ക് അടിത്തറയിട്ടു.

 

കേവലം ഒരു ബാര്‍ബര്‍ മാത്രമായിരുന്ന ആര്‍ക്ക്റൈറ്റ് 1769 ല്‍ സ്പിന്നിംഗ് മിഷീന്‍ പ്രവര്‍ത്തിപ്പിച്ചതോട് കൂടി വ്യവസായ വിപ്ലവത്തിന്‍റെ
പിതാവ് (Father of Industrial Revolution) എന്ന സ്ഥാനത്തിന് അര്‍ഹനായെങ്കില്‍ സ്കൂള്‍ വിദ്യാഭ്യാസം അല്‍പം പോലും സിദ്ധിച്ചിട്ടില്ലാത്ത കേവലം അടിമയായിരുന്ന ജോണ്‍ ഡോഹെര്‍ട്ടി ലോകത്ത് ആദ്യമായി ട്രേഡ് യൂണിയന്‍ രൂപീകരിച്ച് സോഷ്യലിസത്തിന്‍റെ പിതാവ് (Father of Socialism) എന്ന പദവിയ്ക്ക് അര്‍ഹനായത് പ്രകൃതി നിശ്ചയം എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാം. ചുരുക്കത്തില്‍ വ്യവസായ വിപ്ലവത്തിന്‍റെ ഉപഉല്‍പ്പന്നമാണ് ട്രേഡ് യൂണിയന്‍.

 

പണിയെടുക്കുന്നവരുടെ സമരപ്രക്ഷോഭങ്ങള്‍ ബ്രിട്ടണില്‍ മാത്രമല്ല മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും അലയടിച്ചു. 1857 ല്‍ അമേരിക്കയിലെ വനിതാ തയ്യല്‍ തൊഴിലാളികള്‍ നടത്തിയ പണിമുടക്കും 1860 ല്‍ അമേരിക്കയില്‍ നടന്ന അടിമത്വത്തിന്
എതിരായ ആഭ്യന്തരയുദ്ധവും അതിലൂടെ നേടിയ അടിമത്വനിരോധനവും പണിയെടുക്കുന്നവരുടെ വിളിപ്പേര് അടിമ എന്നതിന് പകരം തൊഴിലാളി എന്നായി മാറുന്നതിന് കാരണമായി.

 

8 മണിക്കൂര്‍ ജോലി – 8 മണിക്കൂര്‍ വിനോദം – 8 മണിക്കൂര്‍ വിശ്രമം എന്ന പൊതു ആവശ്യത്തിനായി 1886 ല്‍ അമേരിക്കയിലെ ചിക്കാഗോയിലും കാനഡയിലും തൊഴിലാളികള്‍ നടത്തിയ പോരാട്ടവും ഈ പ്രക്ഷോഭത്തിനിടയില്‍ നാല് തൊഴിലാളി നേതാക്കളെ തൂക്കിലേറ്റി വധിച്ചതും 8 മണിക്കൂര്‍ ജോലി എന്ന തത്വം അംഗീകരിക്കപ്പെട്ടതും ലോക ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്‍റെയും
പണിയെടുത്ത് ജീവിക്കുന്നവരുടെയും ഐതിഹാസിക മുന്നേറ്റമാണ്. പണിയെടുപ്പിക്കുന്നവരുടെയും ഭരിക്കുന്നവരുടെയും ചൂഷണം, യുദ്ധ
ങ്ങള്‍, കലാപങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, സാമ്പത്തിക തകര്‍ച്ചകള്‍, രോഗങ്ങള്‍ എന്നിവയിലെല്ലാം ദുരന്തങ്ങള്‍ അനുഭവിക്കുന്നതും അതിനെതിരെ പോരാടിയിട്ടുള്ളതും പോരാടുന്നതും തൊഴിലാളികളാണ്.

 

തൊഴിലാളി വിരുദ്ധ ജനവിരുദ്ധ ഭരണക്കൂടങ്ങളെ തകര്‍ത്തിട്ടുള്ളതും ആധുനിക ഭരണ സംവിധാനത്തിലേയ്ക്ക് രാജ്യങ്ങളെ നയിച്ചിട്ടുള്ളതും തൊഴിലാളി മുന്നേറ്റങ്ങളാണ്. അമേരിക്കന്‍ സ്വാതന്ത്ര്യസമരം മുതല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം വരെയുള്ള ലോകസമര
ചരിത്രങ്ങള്‍ ഇത് ബോധ്യപ്പെടുത്തുന്നു.

 

1914 മുതല്‍ പിന്നിട്ട നാലു വര്‍ഷം നടന്ന ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം വ്യവസായ – തൊഴില്‍ മേഖലയില്‍ ചില പൊതുതത്വങ്ങള്‍ ആഗോള വ്യാപകമായി അംഗീകരിക്കപ്പെട്ടു. ഭൂമി, തൊഴിലാളി, മൂലധനം (Land, Labour, Capital) എന്നീ മൂന്ന് ഘടകങ്ങള്‍ക്കും തുല്യപ്രധാന്യമാണുള്ളതെന്നും ഈ നിലപാടുകള്‍ ഭരിക്കുന്നവരും പണിയെടുപ്പിക്കുന്നവരും പണിയെടുക്കുന്നവരും ഓരേ പോലെ ഉള്‍കൊള്ളണമെന്നും പൊതുവില്‍ ധാരണയായി. ഇതനുസരിച്ച് ഈ മൂന്ന് പില്ലര്‍ സംവിധാനത്തില്‍ 1919 ല്‍ ഇന്‍റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ നിലവില്‍ വന്നു.

 

ഇന്നിപ്പോള്‍ തൊഴിലാളിയില്‍ തുടങ്ങി ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ അവസാനിക്കുന്ന ഒരു വലിയ ദേശീയ – അന്തര്‍ദേശീയ ശൃംഖലയുടെ ഭാഗമായി പണിയെടുക്കുന്നവര്‍, തൊഴിലാളികള്‍ മാറിയിരിക്കുന്നു.

 

ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ-ദേശ വ്യത്യാസമില്ലാത്തവര്‍ തൊഴിലാളികള്‍ മാത്രമാണ്.

അധികാരമില്ലാത്തതിനാല്‍ അഴിമതി ഇല്ലാത്തവര്‍ തൊഴിലാളികള്‍ മാത്രം.

പരസ്പരസ്നേഹം, ദയ, വേദന, പരസ്പര സഹായം എന്നീ മാനുഷിക വികാരങ്ങളുടെ ഉത്തമ പ്രതീകങ്ങള്‍ തൊഴിലാളികള്‍ മാത്രം.